Misc of May

വികലമായ ചിന്തകളില്‍ നമ്മുടെ തത്വം ഒതുങ്ങിക്കൂടുന്നു, അത് മാറ്റിയെടുക്കുക. യാന്ത്രീകമായ ജീവിതത്തില്‍ നിന്ന് മുക്തി നേടുക ഇനി സാദ്ധ്യമല്ല. നിമിത്തങ്ങളും നിയോഗങ്ങളും അതിരുതിരിച്ച ജീവിതത്തില്‍ ആത്മാവില്ലാതെ അലയാന്‍ വിധിക്കപെട്ടവരാണ് നമ്മളില്‍ പലരും. അതുകൊണ്ട്തന്നെ യാഥാര്‍ത്യങ്ങളുടെ വിരൂപതയില്‍ അറച്ചുനില്‍ക്കാതെ തത്വജ്ഞാനിയായി മുന്നോട്ടു നീങ്ങുക. നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മുന്നില്‍ പകച്ചുനില്‍ക്കാതെ അതിനെ പുണരുക. ജീവിതവസന്തങ്ങളെ ഗര്‍ഭവതിയാക്കുക. പുലരിയില്‍ നിറഞ്ഞ ചിരികളെ അവര്‍ ജനിപ്പിക്കട്ടെ..

---------------------

മച്ചകങ്ങള്‍ക്ക് മേലെ ഉലാത്തുന്ന ചിന്തകളില്‍
ആത്മബലിക്കായി കാത്തിരിക്കുന്ന ഞാനും നീയും എന്ന പ്രണയശരീരങ്ങള്‍!

---------------------

കണ്ണെന്നു തെറ്റിയാല്‍ പിഴക്കുന്ന ഹൃദയമുണ്ടെനിക്ക് !

---------------------

നോവ്‌ തിന്നുന്ന പക്ഷിയെപ്പോലെ ഞാന്‍ എന്തെല്ലാമോ ചിലക്കുന്നു.

---------------------

ഭൌമ രസതന്ത്രങ്ങള്‍ അറിയാത്ത ഒരു മനസ്സും
കനം കുറഞ്ഞ ഇരുട്ടില്‍ കുറുക്കനെ പോലെ
പ്രണയത്തെ വലവിരിച്ച വേറൊരു മനസ്സും..

---------------------

ഇതിനിടയില്‍ എവിടെയോ ഞാന്‍ എന്നത് മാത്രം ബാക്കിയാവുന്നു
ഉത്തരങ്ങളില്ലാ.. പകരം സ്വപ്നബീജങ്ങള്‍ അടവിരിയിച്ച പേക്കിനാവുകള്‍ മാത്രം.
വേരുപടര്‍ന്നു പിടിച്ച ഓര്‍മ്മകളില്‍ ഭീരുത്വം മുറിവേല്പിച്ച പകലുകള്‍.

---------------------

മടിയാണെനിക്ക്..
ദാഹിച്ചു വലഞ്ഞ ഞാന്‍
ഒരു മഴയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.

മടിയാണെനിക്ക്..

------------------------

ക്ലാവ് പിടിക്കുന്ന ഓര്‍മകളില്‍ എവിടെയോ ചകിരി കൊണ്ട് ക്ഷതമേറ്റ നീയെന്ന വികാരത്തിനു എവിടെയോ ഇപ്പോഴും ഒരു സുഖമുള്ള നീറ്റലുണ്ട്. നീയെന്ന ആ വേദനയ്ക്ക് മറുമരുന്നില്ലാ..

സ്നേഹവായ്പിന്റെ നിറമുള്ള പുഞ്ചിരികള്‍ സമ്മാനിച്ച്‌ നീ മറഞ്ഞിരിക്കുമ്പോഴും നിന്റെയുള്ളിലെ കനലിന്റെ ചൂടെനിക്ക് അനുഭവിച്ചറിയാനാകും. വെറുതെ ഇരിക്കുമ്പോഴും എന്റെ മനസ്സ് പിടയുന്നത് ആ ചൂടെറ്റിട്ടാവാം...

സര്‍ഗാത്മഗതയുടെ ആട്ടിന്‍കൂട്ടങ്ങള്‍


നാടുകടത്തപ്പെട്ടെ സര്‍ഗാത്മഗതകളെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന ചിന്തകളെ അവഗണിച്ചു ഞാന്‍ സ്വയം മുഖം മറച്ചു മടിയനായി കഴിയുകയായിരുന്നു. വളരെക്കാലത്തിനുശേഷം ഇന്നു കണ്ട എന്‍റെ നഷ്ടസ്വപ്നങ്ങളുടെ വാടികയില്‍ വിരിഞ്ഞത് മഞ്ഞളിച്ച നങ്ങ്യാര്‍വട്ടം പൂക്കള്‍ മാത്രമായിരുന്നു‍.

പഴയ നിറഭേദങ്ങളില്ല.. പഴയ സുഗന്ധങ്ങളില്ല..
ഒരു വ്യാഴവട്ടത്തിനുകുറുകെ അലസമായിക്കിടക്കുന്ന ഞാനെന്ന എന്‍റെ നെഗളിപ്പുമാത്രം. അഹന്തയുടെ ദുര്‍ഗന്ധം മാത്രം.
മനസ്സിന്‍റെ ഒഴിഞ്ഞകോണുകളില്‍ മരവിച്ച ഓര്‍മ്മകളോടോപ്പം കഴിയുന്ന ഭയപ്പാടുകള്‍. അവക്കുകീഴെ ജീര്‍ണ്ണിച്ച ചിന്തകളുടെ ഭാരംചുമക്കുന്ന സര്‍ഗശേഷി.

വേര്‍പ്പെടാന്‍ വെമ്പുന്ന സര്‍ഗാത്മകതയെ അള്ളിപ്പിടിക്കുന്ന കരയുന്ന ഓര്‍മ്മകള്‍!

ചേതനയറ്റ എന്‍റെ സര്‍ഗാത്മകതയുടെ മുഖത്ത് ചിരിയില്ലായിരുന്നു . പ്രണയമില്ലായിരുന്നു. നിഷ്കളങ്കതയും, സഹനവും ഉറവവറ്റിയ കണ്ണുകളും കീറിപ്പറിഞ്ഞ കസവിന്‍റെ മേല്‍ക്കുപ്പായവുമല്ലാതെ വേറൊന്നും ഇല്ലായിരുന്നു!

ഇരുട്ടില്‍ കണ്ണുചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങളെ പുച്ചിച്ചു വാപൊളിച്ചു കരയാന്‍ എന്‍റെ സര്‍ഗാത്മഗതക്ക് കഴിയുമായിരുന്നില്ല.
കുശുമ്പുകാണിച്ചു നടന്നോടി ആകാശത്തിന്‍റെ തിണ്ണയില്‍നിരങ്ങുന്ന മഴമേഘങ്ങളെവര്‍ണ്ണിക്കാന്‍ എന്‍റെ സര്‍ഗാത്മഗതക്ക് കഴിയുമായിരുന്നില്ല.

ഭയന്നുനിലവിളിച്ചു വിളറി അനാഥമായിക്കിടക്കുന്ന പാവക്കുട്ടികളെപ്പോലെ അവ കിടക്കുന്നത് കാണുമ്പോള്‍ മരിച്ചുകൊണ്ടിരിക്കുന്നത് ഞാനാണ്.

അവയുടെ ജീവന് കാവല്‍നില്‍ക്കുന്ന വെറുക്കപ്പെട്ട സ്വപ്നങ്ങള്‍ക്ക് അപസ്മാരം പിടിപെട്ടിരിക്കുന്നു. അപസ്മാരം പിടിച്ച സ്വപ്നങ്ങളുടെ വായില്‍ നുരയ്ക്കുന്ന പതയില്‍നിറയെ എന്‍റെ തൂങ്ങിമരിച്ച പ്രണയങ്ങളായിരുന്നു.

ഓര്‍മ്മകളെ ഓക്കാനിച്ചരാത്രി ബസ്സിറങ്ങി നടക്കുമ്പോള്‍ നിദ്രയുടെ ഒളിപ്പോരാളികള്‍ കണ്ണിറുക്കിക്കാണിച്ചു. വഴിവക്കത്തെ പ്രണയശ്മശാനങ്ങളില്‍നിന്ന് കുന്തിരിക്കം മണത്തു. കിതച്ചുകൊണ്ട് വേട്ടയാടാന്‍വരുന്ന പ്രണയഭൂതങ്ങളെ പേടിച്ചുനടന്ന ഞാന്‍ എപ്പോഴോ ഉറങ്ങിയിരുന്നു.

തണുത്ത പകലുകള്‍ തുടങ്ങുന്ന ഉഷസ്സ് നീട്ടിത്തുപ്പിയ പുതുനാമ്പുകളാല്‍മുളപ്പിച്ച മൃദുലമായ സ്വപ്നങ്ങളില്‍ അവള്‍ വീണ്ടുംപിറന്നു. എന്‍റെ സ്നേഹങ്ങളെ അനശ്വരമാക്കാന്‍. എന്‍റെ പ്രണയത്തെ പുതിയ തീരങ്ങളിലേക്ക് വലിച്ചടുപ്പിക്കാന്‍.

നിസ്വാര്‍ഥമായ ഇടപെടലുകളാല്‍ അവളെന്‍റെ സര്‍ഗത്മാഗതയെ വീണ്ടും ജീവന്‍വെപ്പിച്ചിരിക്കുന്നു. എനിക്കെന്‍റെ സത്തയെ വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു. മുടിയനായ പുത്രന്‍റെ വഴിതെറ്റിയ സര്‍ഗാത്മഗതയുടെ ആട്ടിന്‍കൂട്ടങ്ങള്‍ തിരിച്ചുവന്നിരിക്കുന്നു.

എല്ലാവരും സന്തോഷിപ്പിന്‍!!!





&*|&(^^%#*4

തുടക്കം
---------
മുഖത്ത് ചായംതേച്ച പകലുകള്‍. 
വയലറ്റ് നിറമുള്ള സന്ധ്യകള്‍. 
മനസ്സില്‍ തൂങ്ങിക്കിടക്കുന്ന നിറമുള്ളചിരികള്‍‍. 
ആകാശത്തുനിന്നുതിര്‍ന്നുവീണ നക്ഷത്രങ്ങള്‍പോലെയുള്ള കണ്ണുകള്‍‍. 
മനസ്സില്‍ പറ്റിപ്പിടിച്ച വിളറിയ ഓര്‍മ്മകള്. 
നനുത്തമൊഴികള്‍ കൊഴിഞ്ഞ വഴിത്താരകള്‍. 
പിന്നെയവളുടെ മുലകളുടെ ഭാരത്തിനുകീഴെ കനത്തുതളിരിട്ട സ്നേഹശല്‍ക്കങ്ങള്‍.

ഇടയില്‍
-----------------
മാറുന്ന ചിന്തകള്
മറന്നുവെക്കുന്ന സ്വപ്‌നങ്ങള്
ഭ്രൂണം മറന്നുവെച്ച തന്തയില്ലാ പ്രണയങ്ങള്‍
കണ്ണുകളില്‍നിന്നു കണ്ണുകളിലേക്ക് പറക്കുന്ന ചതിയുടെ ഇഷ്ടങ്ങള്‍
അവള്‍ നിസ്സഹായതയോടെ ചിരിച്ചപ്പോഴും ഒന്നുമറിയാതെ 
മഴവില്ലിന്‍റെ നിറങ്ങളിലേക്ക് മുഖംപൂഴ്ത്തിയ ഞാന്‍. 
മൂങ്ങയുടെ കണ്ണുകളോടെ ഉറങ്ങാതെയിരിക്കുന്ന നീയും
ജ്വലിക്കുന്ന ചന്ദ്രന്‍റെ ഇടനെഞ്ചിലേക്ക് നോക്കുന്ന ഞാനും
എന്നെ കൊന്നൊടുക്കാന്‍ വെമ്പുന്ന നിന്‍ജാ സ്വപ്‌നങ്ങളും‍.

ഒടുക്കം
------------
അവളുടെ സ്വപ്നങ്ങളിലെ വിലാപങ്ങള്‍ ഞാന്‍ കേള്‍ക്കുന്നില്ലേ? 
നിശ്ചലമാവുന്ന അവളുടെ ചിന്തകളെ ഞാന്‍ അറിയുന്നില്ലേ?

ഇല്ല!
ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല! 
ഞാന്‍ ഒന്നും അറിയുന്നില്ല!

ഓര്‍മ്മകള്‍ തൂങ്ങിമരിച്ചിരിക്കുന്നു.
എന്‍റെ പ്രണയത്തെ ഞാന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകൊണ്ടിരിക്കുന്നു.

offbeat


അവളുടെ മനസ്സില്‍ നിറയെ ഭംഗിയുള്ള കലാപങ്ങള്‍ സൃഷ്ടിക്കുന്ന ചിന്തകളായിരുന്നു. അവളുടെ നിസ്സംഗതഭാവിക്കുന്ന കണ്ണുകളില്‍ ഞാനതുകണ്ടു. പിന്നെഞാന്‍ അവള്‍ ചിരിക്കുന്നത് കാത്തിരിന്നു. എപ്പോഴോപിറന്ന ആ ചിരിയുടെകൂടെ ഒരുകൂട്ടം ശലഭങ്ങളും പറന്നുപോയി.

**********************

ചിലയോര്‍മ്മകളുടെ വാലുകള്‍
എണ്‍പതിനായിരം കൊല്ലം
മറവിയുടെ കുഴലില്‍ ഇട്ടാലും
പഴയത് പോലെ നിറവാര്‍ന്നിരിക്കും...