അവഗണന

സങ്കുചിത ചിന്തകള്‍ സൃഷ്ടിക്കുന്ന കഠിനമായ നേരങ്ങളാണ്. സുസ്മിത പറഞ്ഞപ്പോഴാണ് എഴുത്തും കുത്തും ഉള്ള ഒരാളായിരുന്നു ഞാനെന്നു ഒരു ഓർമ്മപ്പെടുത്തൽ എന്നോണം ഞാൻ എന്ന സ്വത്വം കണ്ണ് തുറക്കുന്നത്. ഇതുവരെ ആ സ്വത്വം മണ്ണില്‍ തലപൂഴ്ത്തിക്കിടന്നു സ്വയം വഞ്ചിക്കുകയായിരുന്നു എന്നൊക്കെ വേണേ പറയാം. ആർക്കു വേണ്ടി എന്തിനു എന്നൊക്കെ തോന്നും. കുറെ എഴുതുക, എഴുതി വെറുപ്പിക്കുക എന്നൊക്കെ സ്വയം തോന്നലാണ്, അതാണ് ഈ സംഭ്രാന്തി. മറ്റുള്ളവർക്ക് വേണ്ടി എഴുതുന്നു എന്നൊരു തോന്നലിലാണ് ആ അരക്ഷിതാവസ്ഥ എന്റെയുള്ളിൽ തെയ്യമാടുന്നത്. ഞാൻ എന്റെ ഹൃദയകവാടങ്ങൾ അവഗണനയുടെ ഫ്ലെക്സുകൾ കെട്ടി ഓടാമ്പിൽ ഇട്ടിരിക്കയാണ്. സ്വയം സൃഷ്ടിക്കുന്ന ശൂന്യതയിൽ ഞാനും എന്റെ കടതെയ്യങ്ങളും ഉറഞ്ഞാടുകയാണ്. അഹന്തയുടെ  മുൾവേലികൾ എന്നോട് പകപോക്കുകയാണിപ്പോൾ. മുറിവേല്‍പ്പിക്കപെട്ട ഹൃദയം ഒരു കരച്ചിലിന്റെ ഇരുളിലേക്ക് മേഘങ്ങളേ ആവാഹിക്കുന്ന സമയമാണ്. പെരുമഴയെ പേടിച്ചു ഒരു ഭയത്തോടെ മരപ്പൊത്തില്‍ ഒളിച്ചു നില്‍ക്കുന്നവന്റെ നിസ്സഹായത മാത്രമാണത്. അല്ലെങ്കിലും തോല്‍വി നേരിടുന്ന ഹൃദയം അങ്ങനെയാണ്. സ്വന്തം സ്വത്വത്തെ തിരിച്ചറിയില്ല. സ്വയം ഭീരുക്കളായി തന്നെ ധൈര്യശാലി ചമയും, മാന്യതയുടെ മേലങ്കിയണിയും, നിസ്സഹായരായി അവഗണനയുടെ അകലങ്ങളിലേക്ക്  മാറിനില്ക്കും. ചില നേരങ്ങളിൽ നഷ്ടങ്ങളെ തിരിച്ചറിയാതെ മറവിയിലേക്ക് കൂപ്പുകുത്തി വേദനയോടെ കരയും. ഇപ്പോഴും രണ്ടു മുഖങ്ങളായി ഞാനും എന്റെ സ്വത്വവും നേർക്കുനേർ നിന്ന് ചിരികളില്‍ സൗഹൃദം നടിക്കുകയാണ്. ഞാൻ സ്വയം വഞ്ചിതനാവുന്ന തിരിച്ചറിവിൽ, ആ സൗഹൃദം വഴിമരങ്ങളായ് അകലങ്ങളിൽ നിന്നു അട്ടഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു. ഇപ്പൊ സുസ്മിതക്ക് തോന്നുന്നുണ്ടായതാവാം വേണ്ടായിരുന്നു ന്നു. പക്ഷെ ഞാൻ എന്തെന്ന തിരിച്ചറിവിൽ ഒരു പെരുമഴെയെ പേടിച്ചു ഞാനിവിടെ ഈ മരപ്പൊത്തിൽ ഒളിച്ചിരിക്കുന്നു.