ഓരോ ബന്ധത്തിലും പലരും തന്നിട്ട് പോയ വിരഹത്താല്‍ ഗര്‍ഭിണിയായ മനസ്സ്, ഒറ്റപെട്ടു പോവുന്ന ഓര്‍മ്മകള്‍, ഇതെല്ലാം സഹിച്ചു ജീവിക്കാന്‍ മര്‍ത്ത്യന്റെ ജീവിതം ഇനിയും ബാക്കി. ഈ യാതന തുളുമ്പുന്ന ജീവിതത്തെ വില്ലുതുലാസ് വച്ച് തൂക്കുമ്പോള്‍ തെറ്റോ ശരിയോ എന്നറിയാത്ത ചെയ്തികള്‍. നഷ്ടങ്ങളെക്കാളും കൂടുതല്‍ പശ്ചാത്താപങ്ങള്‍! ആത്മാവിനെ വഞ്ചിക്കുന്ന വേഷങ്ങളണിയാന്‍ മര്‍ത്ത്യന്റെ ജീവിതം ഇനിയും ബാക്കി. ഇനിയും പല മാനസിക കച്ചവടങ്ങള്‍ നടക്കാനിരിക്കെ ഈ ആത്മസാക്ഷാത്കാരകര്‍മ്മങ്ങള്‍ വെറും പാഴ് ചിന്തകള്‍മാത്രം.
അങ്ങനെയൊന്നുമില്ല, പിന്നെങ്ങനാന്നാവും, അതുമറിയില്ല. അങ്ങനെയൊന്നുമില്ല,.. അത്രന്നെ..
ശീതകാലനിദ്ര | ആക്ടിവെറ്റ് ചെയ്യുന്നു.
ഇന്നുതൊട്ട് നീ സ്വച്ഛമായ എന്റെ മുഖത്ത് വെണ്മയായ നിന്റെ പാതിവ്രത്യം വിരിക്കുക. എന്നിട്ട് നീയെന്റെ മുറിവേറ്റ ആത്മാവിനെ പുണരുക, ഇരുളുകളുടെ യവ്വനത്തില്‍ എന്റെ ആത്മാവിനെ ഞെരുക്കി ദാഹമമര്‍ത്തിപ്പിടയൂക, ഒരു സുകൃതമന്ത്രമായി ഈ ശീതകാലനിദ്രയിലുടനീളം നിയെന്റെ ആത്മാവിനു കാവലിരിക്കൂക. നിദ്രയില്‍ കഴിച്ചുകൂട്ടുന്ന കാലങ്ങളില്‍ ഒരു നോവുപാട്ടായി നിയെന്റെ നെഞ്ചില്‍ പെയ്തിറങ്ങൂക.
നിഗൂഡമായ രാത്രികളില്‍ കണ്ണീരു പെയ്യുമ്പോള്‍ കുട ചൂടി നീ രാത്രിയെ ഇഴപിരിക്കുക. മനസ്സിനെയും ചിന്തകളെയും ലാസ്റ്റ് ഗിയറില്‍ ഇടുക. അപ്രതീക്ഷിതമായ ഓര്‍മ്മകളെ ദുഃസ്വപ്നങ്ങളായി ക്ലാസിഫൈ ചെയ്യുക. മനസ്സില്‍ നിസ്സംഗതയും സങ്കടവും കൊമ്പുകോര്‍ക്കുമ്പോള്‍ ഞരമ്പുകളില്‍ അഡ്രിനാലിന്റെ അളവ് കൂടുമ്പോള്‍ ഒരു വിവക്ഷയും കൂടാതെ "fuck you Bastard" എന്നലറുക. ശമനം തേടി അലയുന്ന നിന്റെ പ്രണയാത്മാവിനെ മസാല തേച്ചു ഒരു കമ്പിയില്‍ തിരുകി ഗ്രില്‍ ചെയ്യുക.
ഒരിക്കല്‍ കൂടി നിന്റെ സുന്ദര നയനങ്ങളില്‍ പദാന്ധത പരത്തുന്ന ചില്ലുകളെ മറന്നുവെക്കുക. ഫേസ്ബുക്ക് ഡാറ്റാബേസുകളില്‍ തന്ത്രങ്ങള്‍ നക്കിക്കുടിക്കുന്ന എന്റെ പ്രൊഫൈല്‍ തിരയാതിരിക്കുക. പിന്നെ എല്ലാം എന്നന്നേക്കും മറക്കുക.
പിന്നെ നമ്മള് ഒരിക്കല്‍ കൂടി കാണുകയാണെങ്കില്‍?
അപ്പോഴല്ലേ! അപ്പൊ നോക്കാം, വീണ്ടും ലഡ്ഡു പൊട്ടുമോ ഇല്ലയോന്ന്.
കുറ്റബോധമണവാട്ടി!
ഇപ്പൊഴെങ്ങും നീല ജമന്തികള്‍ വിരിഞ്ഞ തോല്‍വികളാണ്, ആത്മാവിലെ പുഞ്ചപ്പാടത്ത് ഈ തോല്‍വികളുടെ നീല ജമന്തികള്‍ മാത്രം വിരിഞ്ഞു നില്ക്കുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും അവയൊരു കൊടുങ്കാറ്റായി എന്റെ നഷ്ടബോധത്തിലേക്ക് ആഞ്ഞടിക്കും. തോല്‍വികളുടെ, നീല ജമന്തിപ്പൂക്കളുടെ മണമുള്ള കാറ്റ്.
പക്ഷെ ആഞ്ഞടിച്ചുവരുന്ന തോല്‍വികള്‍ക്കെതിരെ പൊരുതാന്‍ വേണ്ടി എന്റെ ചുറ്റിലും നെയ്മീന് വറ്റിച്ച ഒരു ലോഡ് പുച്ഛം വാരിവിതറും ഞാന്‍, എന്നിട്ട് കൂന്തളവിയലും കൂട്ടി ഗോതമ്പ് പായസം കുടിച്ച നിര്‍വൃതിയില്‍ ആനന്ദക്കണ്ണുനീര്‍ പൊഴിക്കും. അപ്പോഴും നീരാവിയായ് പൊങ്ങിപ്പോവുന്ന ആരോരുമറിയാത്ത എന്റെ മനസങ്കടത്തിന്റെ അലകള്‍ക്ക് കനമുണ്ടാവാറില്ല.
മേഘക്കെട്ടില്‍ച്ചെന്ന് കൂടണയുന്ന ആ സങ്കടങ്ങള്‍ പിന്നെ മഴയായി പെയ്തിറങ്ങും, സ്വപ്നങ്ങളില്‍ തളിര്‍ക്കുന്ന സങ്കടങ്ങള്‍ക്ക് മേല്‍ മൂടിയിട്ട ഓര്‍മ്മകളെ ഈറനണിയിച്ച് ആ മഴ തകര്‍ത്ത് പെയ്യും , അപ്പോള്‍ ഓര്‍മകളുടെ അകിടില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പ്രണയം വേദനയോടെ കരയുമ്പോള്‍ ഞാന്‍ വാപൊളിച്ചു ചിരിക്കും. ഞാന്‍ ബാഹ്യമായ ചിരികള്‍ ചിരിക്കാറില്ല എന്നിരുന്നാലും എന്റെ എല്ലാ ചിരിയിലും ഒളിഞ്ഞു കിടക്കുന്ന പുച്ഛഭാവം എല്ലാവര്ക്കും ദര്‍ശിക്കാം.
എനിക്കിപ്പോള്‍ പ്രണയം എന്താണെന്നറിയില്ല, എല്ലാം "മ്ലേഛമായ ചിന്തകളും", "ഹീനമായ ചെയ്തികളും" അതുമാത്രം, അതിനുമപ്പുറം ഞാന്‍ രാഷ്ട്രീയക്കാരുടെ അസഹിഷ്ണുത കാണിക്കും, നിഷ്കളങ്കമായി കള്ളം പറയും, ഉപദ്രവിക്കാതെ നോവിക്കും, ചിരിപ്പിക്കാതെ സന്തോഷിപ്പിക്കും, ഇഷ്ട്പ്പെട്ടാലും ഇല്ലെങ്കിലും പുഛ്ചിച്ചു ചിരിക്കും! വേശ്യകളെപ്പോലെ.. കാര്യം കഴിഞ്ഞ് അവര്‍ കാശ് വാങ്ങുമ്പോള്‍ വരുന്ന ആ ചിരി, അവരുടെ മക്കളുടെ വിശപ്പിന്റെ വിളിക്ക് കണങ്കാലുകൊണ്ട് ആഞ്ഞുതൊഴിക്കുന്ന സുഖമുണ്ട് ചിലനേരത്ത് ആ ചിരിക്ക് . ആ മനസ്സുഖം എന്റെ പുച്ഛച്ചിരിയില്‍ എപ്പോഴും തണുത്തു കിടക്കുന്നുണ്ടാവും.
സംഭവം അതൊന്നുമല്ല, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു, ഈ അറിവിനും പരിചയത്തിനുമപ്പുറം ഞാന്‍ നിന്നെ അറിയുമ്പോള്‍, എന്നിലേക്ക് മാത്രമായി നീ ചായുമ്പോള്‍, നിന്റെ നേര്‍ത്ത വിരലുകള്‍ കൊണ്ടെന്റെ മുഖത്ത് നീ ചിത്രം വരക്കുമ്പോള്‍, ഇപ്പോഴെന്റെ മുഖംമൂടി അഴിയുന്നു.
ലേബല്‍: കുറ്റബോധമണവാട്ടി 2, അഹങ്കാരജവാന്‍ 3, പ്രണയവാറ്റ് 1
എന്നിരുന്നാലും

കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം
എന്നിട്ടും,
ആരും മിണ്ടുന്നില്ല.
എല്ലാവര്ക്കും
അവളെയാണ് വേണ്ടത്,
അവള്‍ക്കെന്നെയും.
എനിക്കാണെങ്കിലോ
അവളെ കൂടാതെ
വേറെ പലരെയും വേണം.
എനിക്കിനിയും മനസ്സുകളില്‍
ചാമ്പക്ക നടാം
പുതിയ ബന്ധങ്ങള്‍ തുറക്കാം.
ബന്ധങ്ങളായ ബന്ധങ്ങളില്‍
ആര്‍ക്കും ബന്ധങ്ങള്‍ കരയുന്ന
ശിശുക്കളെ വേണ്ട.
പലനേരങ്ങളിലായി
ഇഴയുന്ന, മടുക്കുന്ന
കാമം മാത്രം മതി.
സ്വപ്നം തിളയ്ക്കുന്ന
മണ്‍ചട്ടിക്കടിയില്‍ കരിയുന്ന
ഞാനെന്ന വിറകു മാത്രം മതി.
മേനിയഴകിന്റെ മുലപറമ്പുകളില്‍
ഞാന്‍ തിരയുന്നതോ
എവിടെയും കിട്ടാത്ത "സ്വാസ്ഥ്യം."
എന്നിരുന്നാലും, എല്ലാവര്ക്കും
അവളെയാണ് വേണ്ടത്,
അവള്‍ക്കെന്നെയും.
സഫലജീവിതം ??
പൊള്ളുന്ന വെയില് കിനാക്കള്‍ കരിയുന്ന ഈ ദുരിതത്തില്‍ സഫലമായ ഒരു ജീവിതത്തിനു വേണ്ടി യത്നിക്കുന്ന വിഡ്ഢി ജന്മങ്ങളാണ് മനുഷ്യര്‍. സ്ഥായിയായ സഫലീകരണം ആധ്യാത്മികമായി മാത്രമേ ലഭിക്കൂ. മറ്റേ ജീവിത സഫലീകരണം വെറും ജീവിത നാടകങ്ങള്‍ മാത്രം
ഓര്‍ക്കിഡ് തളിര്‍ത്ത പ്രണയവള്ളികള്‍
ഓര്‍ക്കിഡ് തളിര്‍ത്ത പ്രണയവള്ളികള്‍
-----------------------------
ഞാന്‍ ,
ഓര്‍മ്മകളുടെ സുതാര്യമായ
ശീതികരിച്ച ശവപ്പെട്ടിയില്‍ റീത്തുവെച്ച്
അര്‍മ്മാദിച്ചു.
മൌനങ്ങള്‍ ധരിച്ച
നിരപരാധികളായ ഓര്‍മകളെ
തൂക്കിക്കൊന്നു.
ദാഹിച്ചു കരയുന്ന
കുട്ടിയോര്‍മകളെ പാമ്പേഴ്സ് കെട്ടി
കിടത്തിയുറക്കി.
നെഞ്ചു പൊള്ളിയ
വേദന കടിച്ചമര്‍ത്തി
പൊട്ടിക്കരഞ്ഞു.
കരഞ്ഞു കണ്ണീരു
വറ്റിയപ്പോ വെള്ളം കുടിച്ചു
കിടന്നുറങ്ങി.
-----------
പിന്നെ ഞാന്‍
ഓര്‍ക്കിഡ് തളിര്‍ത്ത
പ്രണയവള്ളികള്‍ ചാഞ്ഞ
ഒരു സ്വപ്നത്തില്‍ വീണ്ടുമുണര്‍ന്നു.

നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?
ആത്മമിത്രം, അത് ആണുമാവം പെണ്ണും ആവാം. ആത്മമിത്രത്തെ കണ്ടെത്തിയാല്‍ ശരാശരി മനുഷ്യര്‍ക്ക് അവരോടോന്നിച്ചു ജീവിക്കാന്‍ തോന്നും. എല്ലാവര്ക്കും അതുതന്നെയാണ് വേണ്ടതും, പക്ഷെ അങ്ങനെയല്ല വേണ്ടത്. ആത്മമിത്രം പലപ്പോഴും നമ്മളെത്തന്നെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നവരാണ്. നമ്മളെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരും, പ്രായോഗിഗ കാലഘട്ടങ്ങളില്‍ ഏതു കാര്യത്തിലും നമ്മളെ അവര്‍ അനുനിമിഷം പിന്തുടരുകയും ചെയ്യുന്നു. അത് സന്തോഷത്തില്‍ നമ്മളെ ആത്മാവിലെക്ക് ഇറക്കുകയും , ദുഖത്തില്‍ നമ്മള്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്യുന്നു.
ഒരു ആത്മമിത്രം നമ്മള് ജീവിതത്തില്‍ കണ്ടെത്തുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിയാവാം, പക്ഷെ അവരുമായി ജീവിതം പങ്കിടുക എന്നത് വിഡ്ഢിത്തരം മാത്രമാണ്. നമ്മള് ആത്മമിത്രങ്ങളെ കണ്ടെത്തുന്നത് നമ്മളിലെ നന്മയെയേയും, സന്തോഷത്തേയും നമ്മള്‍ക്കറിയാത്ത നമ്മളിലെ ഭാവങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടിമാത്രമാണ്. ഒരുപക്ഷെ നമ്മള് നമ്മളെ തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും അവര്‍ നമ്മെ വിട്ടുപോയേക്കാം. നമ്മുടെ ബന്ധത്തിന്റെ ഗാഡതയെ നിലനിര്‍ത്തി ആത്മ മിത്രവുമായി ലിംഗഭേദമനുസരിച്ചു ശാരീരിക ബന്ധം പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാറുണ്ട്. അത് നമ്മളിലെ മാനസികാവസ്ഥയും സദാചാരപരമായ ചിന്തകളെയും മാത്രം ബന്ധപ്പെടുത്തിയുള്ളതാണ്.
ഒരു ഗതിയില്‍ ആത്മമിത്രങ്ങളുടെ പ്രയോജനം (ഉദ്ദിഷ്ടകാര്യം/പര്‍പ്പസ്) എന്നത് നമ്മളുടെ മനസ്സിനെ ഉണര്‍ത്തുകയും, നമ്മിലെ അഹംഭാവത്തെ ശിതിലീകരിക്കുയും, നമ്മിലെ വിഘ്നങ്ങളെയും ചാപല്യങ്ങളെയും വെളിവാക്കിത്തരികയും, നമ്മളുടെ മനസ്സിലേക്ക് പുതിയ വെളിച്ചത്തെ പ്രധാനം ചെയ്യുകയും, ഒരു ഘട്ടത്തില്‍ നമ്മളെ ദുരിതത്തിലേക്ക് തള്ളിയിടുകയും അതില്‍ നിന്ന് നമ്മളെ കരകയറാന്‍ സഹായിക്കുകയും, നമ്മളിലെ അധ്യാത്മിക ബോധത്തെ കൃത്യപ്രക്ഷേപണ നിലയിലാക്കുകയും ചെയ്യുകയും എന്നതുമാണ്.
നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?
അത് സുഹൃത്താവാം, കാമുകനോ കാമുകിയോ ആവാം, അധ്യാപകനാവാം, നിങ്ങളുടെ സഹപാഠിയാവാം. പല കാലങ്ങളിലും ഒരു ദൈവനിയോഗം പോലെ അവര്‍ വരുന്നു. ദൈവമായിട്ടു തന്നെ. അത് തിരിച്ചറിയേണ്ടത് നമ്മളുടെ ബാധ്യതയാണ്.
റോമിംഗ് ഇല്ലാത്ത കാഞ്ചനസീത !
ഒരു അവിഞ്ഞ ദിവസത്തില്‍ ഘടോല്‍ഘജനു തോന്നി കാഞ്ചനസീത ഒരിക്കലും തന്റെ തണലത്ത് നിന്നു മാറാന്‍ ഇഷ്ടപെടുന്നില്ലാ എന്നു. തന്റെ നെഞ്ചിന്റെ ചൂടില്‍ ഒരു ഉട്ടോപ്യന്‍ അഭയാര്‍ഥിയെപോലെ അരിമണികള്‍ കൊത്തിതിന്നു നടക്കാനാണ് കാഞ്ചനസീത ഇപ്പോഴും ഇഷ്ടപെടുന്നത് എന്ന തിരിച്ചറിവില്‍ ഘടോല്‍ഘജന്‍ ആഘാതമായി വ്യസനിച്ചു. കാഞ്ചനസീത എന്നും തന്റെ സ്വപ്നങ്ങളുടെ ആധാരമെഴുതാന് വിധിക്കപെട്ടവളല്ലെന്നു ഘടോല്‍ഘജന്‍ കാഞ്ചനസീതയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.
കാഞ്ചനസീതക്ക് ഘടോല്‍ഘജനോട് ഇഷ്ടം കൂടുമ്പോള്‍ തെങ്ങിന്‍തോപ്പിലെ മണ്ഡരിപിടിച്ച വീണ തേങ്ങകള്‍ കൊണ്ട് ഘടോല്‍ഘജന്റെ തലയ്ക്കു നോക്കി എറിയുന്നത് പതിവായിരുന്നു. എറിഞ്ഞ ശേഷം കുറ്റികാടുകളില്‍ മറഞ്ഞിരുന്നു തന്നെ തിരയുന്ന ഘടോല്‍ഘജനെ പേടിപ്പിക്കുകയും നിശബ്ദമായി എന്തിനെന്നറിയാതെ കരയുകയും ചെയ്തിരുന്നു.
ഘടോല്‍ഘജനു ഇടയ്ക്കു മിസ്സ്കാള് അടിച്ചും, സാന്തബാന്ത എസ്സംമസ്സുകള്‍ അയച്ചും കാഞ്ചനസീത റോമിംഗ് ഇല്ലാത്ത മൊബൈല്‍ പോലെ അലഞ്ഞു നടന്നു. ലോഡ്ഷെഡിഗ് ഉള്ള ദിവസങ്ങളില്‍ കാഞ്ചനസീത ദൈവത്തെ വിളിച്ചു അലമുറയിട്ടു കരഞ്ഞു നോക്കും, ദൈവം കേട്ടില്ലെങ്കിലും മനസ്സിന്റെ അടുത്ത മുറിയില്‍ കിടക്കുന്ന ഘടോല്‍ഘജന്‍ അത് കേട്ട് ചെവിയില്‍ പഞ്ഞി തിരുകും. എന്നിരുന്നാലും കാഞ്ചനസീതയുടെ ഓരോ സ്നേഹങ്ങളും ഒപ്പിടാത്ത ഫയലുകളായി ഘടോല്‍ഘജന്‍ സെക്രട്ടറിയെറ്റിലെ ക്ലാര്‍ക്കിനെ പോലെ തുരുമ്പ് പിടിച്ച മനസ്സിന്റെ ഷെല്ഫുകളില് അടുക്കി സൂക്ഷിക്കും.
ബന്ധങ്ങളുടെ മൂല്യങ്ങളും വിലപിടിച്ച സ്നേഹങ്ങളും എക്സല്‍ ഷീറ്റില്‍ കണക്കാക്കുമ്പോള്‍ ഫീലുന്ന ആദ്രതയില്‍ മനം മടുക്കുമ്പോള്‍ ഘടോല്‍ഘജന്‍ ഫ്രീയായി കിട്ടുന്ന കാഞ്ചനസീതയുടെ സ്നേഹങ്ങളെ മറിച്ചു നോക്കും. അതിലെ പ്രാണയാക്ഷരങ്ങളെ തിരിച്ചറിയുന്ന സമയങ്ങളില്‍ ഘടോല്‍ഘജന്‍ ഒരു മല്യാതീര്‍ത്ഥത്തിന്റെ കുപ്പിയുമായി ഓട്ടവീണ കുട ചൂടി മഴയത്ത് ഒറ്റയ്ക്ക് നടക്കും. നൊമ്പരത്തിന്റെ നൂല്‍പാലത്തിന്റെ കൈവരികളില്‍ ചാരി നിന്നു മീന്‍ പിടിക്കും. കാഞ്ചനസീതയുടെ ഓര്‍മകളെ ഉഴുതു മറിച്ചു ഷോക്കടിച്ച പോലെ വിങ്ങും. തിരിച്ചു കൂടണയുമ്പോള്‍ സ്നേഹത്തിന്റെ ഗിനികോഴികള്‍ ഇട്ട മുട്ടകള്‍ പൊട്ടിച്ചു ഓംലെറ്റ് അടിക്കും. എന്നിട്ട് കാഞ്ചനസീത അറിയാതെ ആര്‍ത്തിയോടെ തിന്നും.
അങ്ങനെ, കിരണ്‍ ടീവിയില്‍ വിനു സാറിന്റെ സൈക്കിള്‍ ഓടുന്ന ഒരു ദിവസം, നാലുമണി പൂവ് വിരിയുന്ന എകാന്തയില്‍ നിര്‍വികാരനായി ഘടോല്‍ഘജന്‍ തന്റെ സ്വപ്ങ്ങളെ മേയാന്‍ വിട്ടപ്പോള്‍ കാഞ്ചനസീത വന്നു ചോദിച്ചു.
"നിങ്ങള്‍ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ ?"
ഘടോല്‍ഘജന്‍ ഇളിഭ്യനായി ചിരിച്ചു കാണിച്ചു, അപ്പോള്‍ മഷിത്തണ്ട് പൊട്ടിയ പോലെ ഘടോല്‍ഘജന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. അത് കണ്ട കാഞ്ചനസീത ഒരു മണ്ഡരിപിടിച്ച വീണ തേങ്ങ കൊണ്ട് ഘടോല്‍ഘജന്റെ തലക്ക് നേരെ എറിഞ്ഞു ഇരുട്ടുള്ള കുറ്റികാട്ടിലേക്ക് ഓടിപോയി.
മറവികള്‍
തണുപ്പുള്ള മറവികള്‍ക്ക്
ഇരുപുറവുമിരുന്നു ഞങ്ങള്‍.
പറയാന്‍ ഏറെയുള്ളത് കൊണ്ടാണെന്നറിയില്ലാ...
ഒന്നും മിണ്ടിയില്ലാ.
പരസ്പരം പേടിച്ചിട്ടാണോന്നറിയില്ലാ....
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയില്ലാ.
കടലുനോക്കി തിരയെണ്ണി കണക്ക് പഠിക്കുമ്പോള്‍
കടലക്കാരന്‍ വന്നു, കൈനോട്ടക്കാരന് വന്നു.
കടല്‍ നിശ്ചലമായെങ്കിലെന്നു കരുതി.
അതുണ്ടായില്ല.
ആള്കൂട്ടങ്ങള് ഒഴിഞ്ഞെങ്കിലെന്നു കരുതി
അതുമുണ്ടായില്ല.
മറവികള്‍ക്കഭിമുഖമായി തിരകളെ
കാല് നനച്ചു നടന്നു നോക്കി.
അവസാനം, പാതിയില്‍ നിര്‍ത്തിയ
കണ്ണുനീര് തുടച്ചു ഞങ്ങള്‍ വഴി പിരിഞ്ഞുപോയി.
Subscribe to:
Posts (Atom)




