നിരപരാധിത്വം



മനസ്സിന്റെ പൊടി വീണ മൂലകളില്‍ വരണ്ടു കിടക്കുന്ന മനുഷ്യത്വമേ നീ വീണ്ടും ഉണരുക. എനിക്കു നിന്നെ പുണരാന്‍ കൊതിയാവുന്നു. നിന്റെ വിളറിയ ചുണ്ടുകള്‍ കൊണ്ട് എന്റെ പ്രണയാത്മാവിനെ നീ ജീവന്‍ വെപ്പിക്കുക. എന്റെ കാതുകളില്‍ നിന്റെ സഹതാപം മന്ത്രിക്കുക. സഹതാപാര്‍ഹമായ നിന്റെ ചിരികള്‍ക്ക് ഞാന്‍ മാപ്പുതരുന്നതായിരിക്കും. നിരര്‍ത്ഥകമായി നീ നിന്റെ സ്വപ്നങ്ങളെ എന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരിക. അവയെ നീയെന്റെ തുളവീണ മനസ്സിന്റെ അറകളില്‍ നിക്ഷേപിക്കുക.


മനുഷ്യത്വമേ, നീയെന്നെ പ്രണയിക്കുന്നുവെങ്കില്‍ മുഴുവനായി പ്രണയിക്കുക, വെറുക്കുന്നുവെങ്കില്‍ മുഴുവനായി വെറുക്കുക. നീ കരയുന്നുവെങ്കില്‍ എന്റെ നെഞ്ചില്‍ മുഖമമര്‍ത്തിക്കരയുക, നിന്റെ കണ്ണീരുകൊണ്ടെങ്കിലും എന്റെ ഹൃദയം വൃത്തിയാവട്ടെ. ഇന്നു നീ ദരിദ്രനായ എന്നെ കാണുന്നില്ലേ? എനിക്ക് സ്വന്തമായുള്ളത് എന്തും വിലയ്ക്ക് വാങ്ങിക്കാന്‍ പറ്റുന്ന പണം മാത്രമാണെന്ന് നീ തിരിച്ചറിയുക. ഞാന്‍ ഇന്ന് വൃത്തികേടുകള്‍ കാണിച്ച് നാളെകളില്‍ അതിനെക്കുറിച്ച് കുറ്റം പറയും. എന്നിരുന്നാലും ഇന്ന് നീയെന്റെ മനസ്സിനെ മാത്രം വശീകരിക്കുക നാളെ നീ എന്റെ ആത്മാവിനെ സ്വന്തമാക്കുക.

ഓര്‍ക്കുക, നമ്മള്‍ ഒരു വിധിയുടെ രണ്ടു തട്ടുകളിലാണെന്ന്. ഇപ്പോള്‍ നീ എനിക്കുവേണ്ടി വഴങ്ങിത്തരിക. കാലങ്ങള്‍ക്കപ്പുറം നിന്റെ സ്നേഹത്തിന് അടിമപ്പെടുവാന്‍ വേണ്ടി മാത്രം ഞാന്‍ കാത്തിരിക്കുന്നതായിരിക്കും. ഇതേ ആര്‍ജ്ജവത്തോടെ.