നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?


ആത്മമിത്രം, അത് ആണുമാവം പെണ്ണും ആവാം. ആത്മമിത്രത്തെ കണ്ടെത്തിയാല്‍ ശരാശരി മനുഷ്യര്‍ക്ക്‌ അവരോടോന്നിച്ചു ജീവിക്കാന്‍ തോന്നും. എല്ലാവര്‍ക്കും അതുതന്നെയാണ് വേണ്ടതും, പക്ഷെ അങ്ങനെയല്ല വേണ്ടത്. ആത്മമിത്രം പലപ്പോഴും നമ്മളെത്തന്നെ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നവരാണ്. നമ്മളെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവരും, പ്രായോഗിഗ കാലഘട്ടങ്ങളില്‍ ഏതു കാര്യത്തിലും നമ്മളെ അവര്‍ അനുനിമിഷം പിന്തുടരുകയും ചെയ്യുന്നു. അത് സന്തോഷത്തില്‍ നമ്മളെ ആത്മാവിലെക്ക് ഇറക്കുകയും , ദുഖത്തില്‍ നമ്മള്‍ക്ക് താങ്ങായി നില്‍ക്കുകയും ചെയ്യുന്നു.

ഒരു ആത്മമിത്രം നമ്മള്‍ ജീവിതത്തില്‍ കണ്ടെത്തുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിയാവാം, പക്ഷെ അവരുമായി ജീവിതം പങ്കിടുക എന്നത് വിഡ്ഢിത്തരം മാത്രമാണ്. നമ്മള്‍ ആത്മമിത്രങ്ങളെ കണ്ടെത്തുന്നത് നമ്മളിലെ നന്മയെയേയും, സന്തോഷത്തേയും നമ്മള്‍ക്കറിയാത്ത നമ്മളിലെ ഭാവങ്ങളെയും കണ്ടെത്തുന്നതിന് വേണ്ടിമാത്രമാണ്. ഒരുപക്ഷെ നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും അവര്‍ നമ്മെ വിട്ടുപോയേക്കാം. നമ്മുടെ ബന്ധത്തിന്റെ ഗാഡതയെ നിലനിര്‍ത്തി ആത്മ മിത്രവുമായി ലിംഗഭേദമനുസരിച്ചു ശാരീരിക ബന്ധം പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാറുണ്ട്. അത് നമ്മളിലെ മാനസികാവസ്ഥയും സദാചാരപരമായ ചിന്തകളെയും മാത്രം ബന്ധപ്പെടുത്തിയുള്ളതാണ്.

ഒരു ഗതിയില്‍ ആത്മമിത്രങ്ങളുടെ പ്രയോജനം (ഉദ്ദിഷ്‌ടകാര്യം/പര്‍പ്പസ്) എന്നത് നമ്മളുടെ മനസ്സിനെ ഉണര്‍ത്തുകയും, നമ്മിലെ അഹംഭാവത്തെ ശിതിലീകരിക്കുയും, നമ്മിലെ വിഘ്‌നങ്ങളെയും ചാപല്യങ്ങളെയും വെളിവാക്കിത്തരികയും, നമ്മളുടെ മനസ്സിലേക്ക് പുതിയ വെളിച്ചത്തെ പ്രധാനം ചെയ്യുകയും, ഒരു ഘട്ടത്തില്‍ നമ്മളെ ദുരിതത്തിലേക്ക് തള്ളിയിടുകയും അതില്‍ നിന്ന് നമ്മളെ കരകയറാന്‍ സഹായിക്കുകയും, നമ്മളിലെ അധ്യാത്മിക ബോധത്തെ കൃത്യപ്രക്ഷേപണ നിലയിലാക്കുകയും ചെയ്യുകയും എന്നതുമാണ്.

നിങ്ങള്‍ നിങ്ങളുടെ ആത്മമിത്രങ്ങളെ കണ്ടെത്തിയിട്ടുണ്ടോ?
അത് സുഹൃത്താവാം, കാമുകനോ കാമുകിയോ ആവാം, അധ്യാപകനാവാം, നിങ്ങളുടെ സഹപാഠിയാവാം. പല കാലങ്ങളിലും ഒരു ദൈവനിയോഗം പോലെ അവര്‍ വരുന്നു. ദൈവമായിട്ടു തന്നെ. അത് തിരിച്ചറിയേണ്ടത് നമ്മളുടെ ബാധ്യതയാണ്.

റോമിംഗ് ഇല്ലാത്ത കാഞ്ചനസീത !



ഒരു അവിഞ്ഞ ദിവസത്തില്‍ ഘടോല്‍ഘജനു തോന്നി കാഞ്ചനസീത ഒരിക്കലും തന്റെ തണലത്ത് നിന്നു മാറാന്‍ ഇഷ്ടപെടുന്നില്ലാ എന്നു. തന്റെ നെഞ്ചിന്റെ ചൂടില്‍ ഒരു ഉട്ടോപ്യന്‍ അഭയാര്‍ഥിയെപോലെ അരിമണികള്‍ കൊത്തിതിന്നു നടക്കാനാണ് കാഞ്ചനസീത ഇപ്പോഴും ഇഷ്ടപെടുന്നത് എന്ന തിരിച്ചറിവില്‍ ഘടോല്‍ഘജന്‍ ആഘാതമായി വ്യസനിച്ചു. കാഞ്ചനസീത എന്നും തന്റെ സ്വപ്നങ്ങളുടെ ആധാരമെഴുതാന്‍ വിധിക്കപെട്ടവളല്ലെന്നു ഘടോല്‍ഘജന്‍ കാഞ്ചനസീതയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. 

കാഞ്ചനസീതക്ക് ഘടോല്‍ഘജനോട് ഇഷ്ടം കൂടുമ്പോള്‍ തെങ്ങിന്‍തോപ്പിലെ മണ്ഡരിപിടിച്ച വീണ തേങ്ങകള്‍ കൊണ്ട് ഘടോല്‍ഘജന്റെ തലയ്ക്കു നോക്കി എറിയുന്നത് പതിവായിരുന്നു. എറിഞ്ഞ ശേഷം കുറ്റികാടുകളില്‍ മറഞ്ഞിരുന്നു തന്നെ തിരയുന്ന ഘടോല്‍ഘജനെ പേടിപ്പിക്കുകയും നിശബ്ദമായി എന്തിനെന്നറിയാതെ കരയുകയും ചെയ്തിരുന്നു. 

ഘടോല്‍ഘജനു ഇടയ്ക്കു മിസ്സ്‌കാള്‍ അടിച്ചും, സാന്തബാന്ത എസ്സംമസ്സുകള്‍ അയച്ചും കാഞ്ചനസീത റോമിംഗ് ഇല്ലാത്ത മൊബൈല്‍ പോലെ അലഞ്ഞു നടന്നു. ലോഡ്‌ഷെഡിഗ് ഉള്ള ദിവസങ്ങളില്‍ കാഞ്ചനസീത ദൈവത്തെ വിളിച്ചു അലമുറയിട്ടു കരഞ്ഞു നോക്കും, ദൈവം കേട്ടില്ലെങ്കിലും മനസ്സിന്റെ അടുത്ത മുറിയില്‍ കിടക്കുന്ന ഘടോല്‍ഘജന്‍ അത് കേട്ട് ചെവിയില്‍ പഞ്ഞി തിരുകും. എന്നിരുന്നാലും കാഞ്ചനസീതയുടെ ഓരോ സ്നേഹങ്ങളും ഒപ്പിടാത്ത ഫയലുകളായി ഘടോല്‍ഘജന്‍ സെക്രട്ടറിയെറ്റിലെ ക്ലാര്‍ക്കിനെ പോലെ തുരുമ്പ് പിടിച്ച മനസ്സിന്റെ ഷെല്‍ഫുകളില്‍ അടുക്കി സൂക്ഷിക്കും. 

ബന്ധങ്ങളുടെ മൂല്യങ്ങളും വിലപിടിച്ച സ്നേഹങ്ങളും എക്സല്‍ ഷീറ്റില്‍ കണക്കാക്കുമ്പോള്‍ ഫീലുന്ന ആദ്രതയില്‍ മനം മടുക്കുമ്പോള്‍ ഘടോല്‍ഘജന്‍ ഫ്രീയായി കിട്ടുന്ന കാഞ്ചനസീതയുടെ സ്നേഹങ്ങളെ മറിച്ചു നോക്കും. അതിലെ പ്രാണയാക്ഷരങ്ങളെ തിരിച്ചറിയുന്ന സമയങ്ങളില്‍ ഘടോല്‍ഘജന്‍ ഒരു മല്യാതീര്‍ത്ഥത്തിന്റെ കുപ്പിയുമായി ഓട്ടവീണ കുട ചൂടി മഴയത്ത് ഒറ്റയ്ക്ക് നടക്കും. നൊമ്പരത്തിന്റെ നൂല്‍പാലത്തിന്റെ കൈവരികളില്‍ ചാരി നിന്നു മീന്‍ പിടിക്കും. കാഞ്ചനസീതയുടെ ഓര്‍മകളെ ഉഴുതു മറിച്ചു ഷോക്കടിച്ച പോലെ വിങ്ങും. തിരിച്ചു കൂടണയുമ്പോള്‍ സ്നേഹത്തിന്റെ ഗിനികോഴികള്‍ ഇട്ട മുട്ടകള്‍ പൊട്ടിച്ചു ഓംലെറ്റ്‌ അടിക്കും. എന്നിട്ട് കാഞ്ചനസീത അറിയാതെ ആര്‍ത്തിയോടെ തിന്നും. 

അങ്ങനെ, കിരണ്‍ ടീവിയില്‍ വിനു സാറിന്റെ സൈക്കിള്‍ ഓടുന്ന ഒരു ദിവസം, നാലുമണി പൂവ് വിരിയുന്ന എകാന്തയില്‍ നിര്‍വികാരനായി ഘടോല്‍ഘജന്‍ തന്റെ സ്വപ്ങ്ങളെ മേയാന്‍ വിട്ടപ്പോള്‍ കാഞ്ചനസീത വന്നു ചോദിച്ചു.

"നിങ്ങള്‍ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ ?"

ഘടോല്‍ഘജന്‍ ഇളിഭ്യനായി ചിരിച്ചു കാണിച്ചു, അപ്പോള്‍ മഷിത്തണ്ട് പൊട്ടിയ പോലെ ഘടോല്‍ഘജന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. അത് കണ്ട കാഞ്ചനസീത ഒരു മണ്ഡരിപിടിച്ച വീണ തേങ്ങ കൊണ്ട് ഘടോല്‍ഘജന്റെ തലക്ക് നേരെ എറിഞ്ഞു ഇരുട്ടുള്ള കുറ്റികാട്ടിലേക്ക് ഓടിപോയി. 

മറവികള്‍

തണുപ്പുള്ള മറവികള്‍ക്ക് 
ഇരുപുറവുമിരുന്നു ഞങ്ങള്‍.

പറയാന്‍ ഏറെയുള്ളത് കൊണ്ടാണെന്നറിയില്ലാ...
ഒന്നും മിണ്ടിയില്ലാ.

പരസ്പരം പേടിച്ചിട്ടാണോന്നറിയില്ലാ....
ഞങ്ങള്‍ മുഖത്തോട് മുഖം നോക്കിയില്ലാ.

കടലുനോക്കി തിരയെണ്ണി കണക്ക് പഠിക്കുമ്പോള്‍ 
കടലക്കാരന്‍ വന്നു, കൈനോട്ടക്കാരന്‍ വന്നു.

കടല്‍ നിശ്ചലമായെങ്കിലെന്നു കരുതി.
അതുണ്ടായില്ല.

ആള്‍കൂട്ടങ്ങള്‍ ഒഴിഞ്ഞെങ്കിലെന്നു കരുതി 
അതുമുണ്ടായില്ല.

മറവികള്‍ക്കഭിമുഖമായി തിരകളെ 
കാല്‍ നനച്ചു നടന്നു നോക്കി.

അവസാനം, പാതിയില്‍ നിര്‍ത്തിയ 
കണ്ണുനീര്‍ തുടച്ചു ഞങ്ങള്‍ വഴി പിരിഞ്ഞുപോയി.


ഞാനെന്ന അരക്ഷിതാവസ്ഥ !



മടക്കം തന്നെ ഒടുക്കമെന്ന
ആദ്യപാദത്തില്‍ പിച്ചവെക്കുമ്പോള്‍ എന്റെ കാലുകള്‍
ബുദ്ധിജീവികാലായി തളിര്‍ത്തു.

വളരുമ്പോള്‍ കൂടെജനിച്ച
മൃഗമനസ്സിനെ ജീര്‍ണിപ്പിച്ചു കൊല്ലുക കാരണം
പിളരുന്ന ഭൂമിയില്‍ രാജാവായി.

ധര്‍മത്തിന്‍റെ അധീശത്വം വിളമ്പിയ ക്രോധത്താല്‍
ജനിച്ച എന്റെ മക്കളെ
പുഴയിലെറിഞ്ഞു രസിച്ചു ഭരണം.

ദേവവേഷപ്പകര്‍പ്പുകളില്‍
നിന്ന് ഉറ്റിവീണ ചോരത്തുള്ളികള്‍
മരണക്കട്ടിലുകളില്‍ വംശീയ മൂട്ടയിറക്കി.

അദൃശ്യനായ ദൈവം
നല്‍കിയ ചാട്ടവാര്‍ കഴുത്തില്‍ കെട്ടിക്കുരുക്കി
പ്രജകള്‍ ചരമക്കോളങ്ങളില്‍ പതിഞ്ഞു.

സൂര്യന്റെ വ്യോമപ്രൌഡിയുള്ള
സ്വര്‍ണ്ണക്കൊട്ടാരങ്ങളില്‍ ഹാര്‍പ്പിക്ക് ഇല്ലാതെ
സേന കക്കൂസുകള്‍ കഴുകി.

ആശങ്കയില്ലാത്ത ജീവിതം വമിക്കുന്ന സുഖന്ധം പൂശിയ
വെപ്പാട്ടികള്‍ ശയ്യകള്‍ വിരിച്ചു
കാലുകള്‍ പിളര്‍ത്തി.

പ്രണയം മണത്ത ആഴ്ചകളില്‍
മൌഡ്യം പേറിയ രത്നങ്ങള്‍ പതിച്ച കീരീടം
അഴിച്ചു രാജാവ് വിവാഹമോചിതനായി.

ചാപല്യങ്ങള്‍ തുറന്നുവെച്ച ആരാധനാലയങ്ങളില്‍
താക്കോലില്ലാത്ത ഞാനെന്ന അരക്ഷിതാവസ്ഥ
പിന്നെയും തോറ്റു.

ജഹാംഗീറിന്റെ സുലൈഖ !



വിജനമായ റോഡുകളില്‍
പായുന്ന പകല്‍കിനാക്കള്‍ക്ക്
പാര്‍ക്കിംഗ് ലൈറ്റ് തെളിഞ്ഞപ്പോള്‍
ജഹാംഗീറിന് ഉറക്കം വന്നില്ല.

യോഗ ചെയ്യാറുള്ള വാപ്പ പഠിപ്പിച്ച
ഉറക്കം വരാനുള്ള ദീര്‍ഘശ്വാസ ടെക്നിക്കുകള്‍
മൂക്കിലെ രോമങ്ങളുടെ
സ്വാഭാവികതയെ മുറിപ്പെടുത്തി.

പകല്‍കിനാക്കള്‍ പരാഗണം ചെയ്ത
ഇരുട്ട് വിരിഞ്ഞ മുറികളില്‍
സ്വപ്നങ്ങളെ തിരഞ്ഞു
ജഹാംഗീര്‍ തപ്പിത്തടഞ്ഞു ഉറങ്ങാന്‍ ശ്രമിച്ചു.

വന്യത തുളുമ്പുന്ന തീവണ്ടികള്‍ പായുന്ന
താമരശ്ശേരിച്ചുരങ്ങള്‍ കാണിച്ച ഒരു
സ്വപ്നത്തിനിടക്ക് ഓട്ടം പോയപോലെ
ജഹാംഗീറിന് ഉറക്കം പോയി.

ആലോചിച്ചു നിക്കാതെ ഫോണെടുത്തു
സുലൈഖയെ വിളിച്ചു.
ഉറക്കഭംഗം വന്ന സുലൈഖയുടെ നിര്‍വാണ
ശിഖരം മുറിച്ചെടുത്തു ജഹാംഗീര്‍ ഉറങ്ങി.

സുലൈഖയുടെ സ്വപ്നങ്ങളില്‍
പൂക്കളുടെ പാടത്ത് കൂലിപ്പണിയെടുത്ത ജഹാംഗീര്‍,
സുലൈഖ ഉണര്‍ന്നപ്പോള്‍ അവളുടെ സ്വപ്നങ്ങളില്‍
നിന്ന് സ്വതന്ത്രനായി ജഹാംഗീര്‍ ഉറങ്ങി.

ഉറക്കമുണര്‍ന്ന സുലൈഖ
ജഹാംഗീറിന്റെ സ്വപ്നങ്ങളിലെ
പ്രണയ ട്രാക്ടറുമായി സ്പെയിനിലെ
ഗോതമ്പ് പാടങ്ങളില്‍ വിളവെടുത്തു.

------------------------
ജഹാംഗീറിന് ഉറക്കം വരാത്തതിനു കാരണം ജഹാംഗീര്‍ സുലൈഖയുടെ സ്വപ്നങ്ങളില്‍ ഉണര്‍ന്നിരിക്കുകയായിരുന്നു എന്ന് പറഞ്ഞു, അവളെ വിളിച്ചുണര്‍ത്തി ജഹാംഗീര്‍ ഉറങ്ങിയപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടത് സുലൈഖക്കും, കാരണം സുലൈഖ ജഹാംഗീറിന്റെ സ്വപ്നങ്ങളില്‍ ഉണര്‍ന്നിരിക്കുകയായിരുന്നു.

എന്താല്ലേ!