നീല വിരിച്ച ചതുപ്പില്‍ പതുക്കെ നീങ്ങുന്ന മഴമേഘങ്ങളെത്തേടി ഞാന്‍ ഇനിയും എന്തിനാ ഇങ്ങനെ അലയുന്നതെന്തിനെന്നറിയാമോ?.
എന്‍റെ ചെവികളില്‍ അടവിരിച്ച ചെറുപക്ഷികളെ നീ കണ്ടിട്ടുണ്ടോ? അവയെന്തിനു പാറിപ്പോവാതെ വെറുതെ എന്തിനെന്‍റെ ചൂടുപറ്റി അണച്ചുകിടക്കുന്നു? ഞാന്‍ പ്രതിഫലിപ്പിക്കുന്ന എന്‍റെ മുഖങ്ങളില്‍ എവിടെയെങ്കിലും നീ എന്നെ കണ്ടിട്ടുണ്ടോ?
എന്‍റെ കണ്ണകള്‍ അലസമായി ഉറങ്ങുമ്പോള്‍ മനസ്സില്‍ പതുങ്ങിപ്പിടിച്ചു കിടക്കുന്ന നിശാശലഭങ്ങള്‍ ചിറകു വിടര്‍ത്താന്‍ തുടങ്ങുന്നു. മനസ്സിന് കൈകള്‍ വളര്‍ന്നു അതെന്‍റെതന്നെ ചങ്കിനു ഞെക്കിപ്പിടിക്കുന്നു.
മനസ്സില്‍ ഒന്നും തോന്നുന്നില്ല. എന്‍റെ എല്ലാ മൗനങ്ങള്‍ക്കും അര്‍ത്ഥം കല്‍പ്പിക്കുന്ന സ്വപ്‌നങ്ങളുണ്ട്. അതില്‍ വിഷാദത്തിന്‍റെ ചവിട്ടുനാടകങ്ങളിള്‍ ആരങ്ങേരുന്ന വിരസമായ കാഴ്ചകള്‍ മാത്രം.
ഞാന്‍ മൗനിയായിരിക്കുന്നതാണ് ഉത്തമമെന്നു ഞാന്‍ തന്നെ പറയുന്നു. ഇനി മനസ്സിന്‍റെ വാതിലുകള്‍ തുറന്നിടാം. വീര്‍പ്പുമുട്ടുന്ന വിഹ്വലതകള്‍ ഒഴുകിപ്പോവട്ടെ. എനിക്കെന്നെ ഇനിയും നഷ്ടപ്പെടാന്‍ വയ്യ.