നമ്മുക്കിടയിലെ പുഴ വളരുകയാണ്.
വളഞ്ഞും തിരിഞ്ഞും കലങ്ങിയും മറിഞ്ഞും...
അത് കാതങ്ങള്‍ വളര്‍ന്നു കടലില്‍ ചെന്ന് ഉപ്പ് ചവക്കുമ്പോള്‍ നമ്മുക്ക് നമ്മെ നഷ്ടപ്പെട്ടെന്ന പോലെ പിന്തിരിയാന്‍ ശ്രമിക്കും. ഇനിയൊരു തിരിച്ചൊഴുക്കിനു ജീവനില്ലെന്ന ഭീതിയില്‍ നമ്മള്‍ നമ്മളെ തിരയും.
ഇടതും വലതുമായി കൂട്ടുകൂടുന്ന ചെറുതോടുകളോട് പറയണം, നമുക്ക് നമ്മളെ നഷ്ടപ്പെടുന്നെന്ന്... തിരിച്ചൊഴുകുകയാണെന്ന് ഇരു കരകളുടെയും ചങ്കില്‍ക്കിടന്നു പുഴയുടെ ആഴത്തിലേക്ക് നോക്കുന്ന മീനുകളോടും പറയണം.
പക്ഷെ ഇനിയെങ്ങനെ..????
ചോദ്യങ്ങള്‍ കടന്നു വന്ന പാലത്തിനു കീഴെ കളഞ്ഞു പോന്നതല്ലേ... ? പിന്നെയും എന്തിന്... ?
****
എനിക്കും നിനക്കുമിടയില്‍ കലരാതെ നമ്മെ പിരിച്ചെഴുതുന്ന അനങ്ങാപ്പാറകള്‍, മൗനം മുളപ്പിക്കുന്ന ഒളിതുരുത്തുകള്‍, ആഴങ്ങളില്‍ കുഴിച്ചുമൂടിയ നമ്മുടെ പ്രണയത്തിന്റെ അസ്ഥിമാടങ്ങള്‍..
പോകാം നമ്മുക്ക്... ? നമ്മള്‍ മറന്നു പോയ ആ പഴയ ഓര്‍മ്മകളിലേക്ക് മുങ്ങാംകുഴിയിട്ടു താഴാം... ? വളര്‍ന്നുവന്ന വഴിയിലെവിടെയോ പാറക്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച പഴയകളിപ്പാട്ടങ്ങള്‍ തിരയാന്‍...
ശ്ശ്....ശ്ശ്....
നീ മറന്നുവോ... ? അതോ ഞാനോ ...?
നമ്മളിപ്പോള്‍ കടലിലാണ്.... ഉദ്ഭവത്തില്‍ നിലകളില്ലാതെ മരിച്ച പുഴകളുടെ കണ്ണീര്‍ കൂട്ടങ്ങള്‍.... അനേകായിരം പുഴകള്‍ വളര്‍ന്ന കടല്‍.. ആഴക്കടല്‍.. നൊമ്പരക്കടല്‍... തിളങ്ങിപ്പുളയ്ക്കുന്ന കടല്‍....
ഇതിലെവിടെയാണ് നീ ..
എവിടെയാണ് ഞാന്‍...
****
അറിയാമോ...?
നമുക്കിടയിലെ പുഴയുടെയറ്റത്തു നമ്മുടെ നിഴലുകള്‍ ഇപ്പോഴുമെന്തോ തിരഞ്ഞിരിക്കുന്നുണ്ട്. എനിക്കത് കാണാം...