ഉത്തരങ്ങളെത്തേടി വീണ്ടും..

ചോദ്യങ്ങള്‍ എന്റെയുള്ളില്‍ കിടന്നു കരയുകയായിരുന്നു. ഉഴറിയുഴഞ്ഞ പലചോദ്യങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ അവര്‍ക്കായി പൊന്തിവന്ന ഉത്തരങ്ങളില്‍ സംതൃപ്തരായി. അവര്‍ ആ ഉത്തരങ്ങളെ പുണര്‍ന്നുകിടന്നു. ചോദ്യങ്ങളുടെ ജീവചക്രം അവസാനിക്കുന്നതെവിടെയാണെന്നു പരതിനടന്ന രാവുകള്‍.

ആദ്യമാദ്യം ചോദ്യങ്ങള്‍ നിശ്ശബ്‌ദത പുലര്‍ത്തി. പിന്നീടവ മുദ്രാവാക്യം വിളിച്ചു തുടങ്ങി. മൌനത്തില്‍ ആണ്ടുപോയ എന്റെ മനസ്സ് വിറച്ചു. ഉത്തരം കിട്ടാതെ ഗതികിട്ടാതെ പല ചോദ്യങ്ങളും മറവിയിലേക്ക് ആണ്ടു പോയി. കാലാന്തരങ്ങളില്‍ ഉത്തരം കിട്ടാതെ മരിക്കുന്ന അവ മനസ്സിന്റെ ചുടലയില്‍ എരിഞ്ഞുകിടന്നു. തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത മനസ്സും സങ്കോചം പൂണ്ടുകിടന്നു.

ചില ചോദ്യങ്ങളോട് ഒഴിയാനാവശ്യപ്പെട്ടപ്പോള്‍ അവതന്‍റെ തന്തച്ചോദ്യങ്ങളെ നരകങ്ങളില്‍ നിന്നുയര്‍ത്തെഴുന്നേല്‍പ്പിച്ചു. അവ കോലാഹലങ്ങളോടെ കൂക്കുവിളിയും, തൊഴിയും തുടങ്ങി. എന്റെ മനസ്സ് വീണ്ടും ജാഗ്രതയുള്ളതായിത്തീര്‍ന്നു. വൈകാതെ ചില ചോദ്യങ്ങള്‍ക്ക് മറു ചോദ്യങ്ങള്‍ പിറന്നു. അവ പരസ്പരം ഏറ്റുമുട്ടി. പരസ്പരം കുറ്റംചുമത്തി അവ പ്രതിരോധിച്ചു. മരിച്ചുവീഴുന്ന ചോദ്യങ്ങള്‍ക്ക് എന്റെബുദ്ധിയില്‍ പ്രസക്തിയില്ലയിരുന്നു.

എന്റെ ബുദ്ധിക്ക് ഇഷ്ടപ്പെടുന്ന ഉത്തരങ്ങള്‍ മുഴുക്കെ എന്റെയുള്ളില്‍ക്കിടന്നു ജീര്‍ണിക്കുന്ന ചോദ്യങ്ങള്‍ പ്രസവിച്ചവയായിരുന്നു. കുട്ടിഉത്തരങ്ങള്‍ പലതും പരിഗണന അര്‍ഹിക്കാത്തവയെന്ന്‍ ആദ്യം തോന്നിച്ചു. എന്നിട്ടും അവയെ ഞാന്‍ ഒരു നിധി പോലെ സൂക്ഷിച്ചു. അവ മറ്റുചോദ്യങ്ങളെ മുറിവേല്‍പ്പിച്ചില്ല. സ്വന്തം കുടുംബങ്ങളാണെന്ന ധാരണയുള്ളതുകൊണ്ടാവണം.

എന്റെ ബുദ്ധി പറഞ്ഞു.
"പതിവില്ലാതെ മുറവിളി കൂട്ടുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരംകിട്ടുക പ്രയാസമായിരിക്കും."

ചോദ്യങ്ങളെ മനസിന്റെ കൂരിരുട്ടില്‍ അടച്ചുമൂടി സന്യാസത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ ബുദ്ധി മനസ്സിനു തലയണമന്ത്രമോതി. ഇപ്പോഴും ചോദ്യങ്ങള്‍ എന്റെയുള്ളില്‍ക്കിടന്നു കരയുന്നു. ഉത്തരങ്ങളെത്തേടി..