ന്താ ല്ലേ!

എന്റെ പ്രണയം എന്നെ കരുത്താര്‍ജ്ജിപ്പുക്കുന്ന എന്റെ ശക്തിയും, എന്റെ പ്രതീക്ഷകള്‍ എന്റെ സ്നേഹങ്ങളും, എന്റെ ആത്മാവ് എന്റെ സ്വാതന്ത്ര്യവും, എന്റെ സ്വപ്‌നങ്ങള്‍ എന്റെ വിപ്ലപവങ്ങളുമാണ്. ഇന്ന് ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിപ്പിക്കുകയും, നാളെ ഞാന്‍ എന്താണ് എന്നുള്ളത് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ എന്നും ഏകാനായത് കൊണ്ട് ഞാന്‍ എന്നും പ്രണയിക്കുന്നു. 

ഞാന്‍ ചാവാന്‍ പോണൂ!


ഞാന്‍ ചാവാന്‍ പോണൂ
----------------
കുറ്റബോധത്തിന്റെ ആവേശത്തിന് മുള്ള് മുളച്ചു, മനസ്സിന്റെ വേഗം കൂടി,  മൃതിയുടെ നിശബ്ദതയിലേക്ക് ഓടിയൊളിക്കാന്‍ തിടുക്കം കാട്ടിയ എന്റെ ഭീരുത്വത്തിന് ശക്തി പകര്‍ന്നത് എന്റെ നഷ്ടപ്രണയങ്ങളായിരുന്നു‍. പുലരിളില്‍ പേടിപെടുത്തുന്ന പൊയ്മുഖങ്ങളായും‍ ഇരുട്ടില്‍ മുറിപെടുത്തുന്ന സ്വപ്‌നങ്ങളായും അവയെന്നെ വേട്ടയാടി. മഴയുടെ തണുപ്പില്‍ ഞാന്‍ ഒളിച്ചു നിന്നു. തണുത്ത മഴയില്‍ തെന്നി നീങ്ങിയ ഞാന്‍ എന്നെ മറന്നു.

ഇന്ന് ബോധത്തില്‍ ഇരുളില്‍ കുറ്റബോധത്തിന്റെ ആധിക്യത്താല്‍ മനസ്സ് ആക്സിലറേറ്ററില്‍ ആഞ്ഞു ചവിട്ടി, വേഗങ്ങള്‍ക്കപ്പുറം നിശബ്ദതയിലേക്ക്‌ ഊളിയിടാന്‍ ഒരു കുറുക്കു വഴി അതായിരുന്നു, മൂലപ്രപഞ്ചത്തിന്റെ ഒഴിഞ്ഞ കോണില്‍ ഒന്നര സെന്റ്‌ കാല്പനിക ഭൂമി തേടി ഞാന്‍ അലഞ്ഞു. അവസാനം ദൈവം പട്ടയം കൊടുക്കാത്ത സ്ഥലത്ത് ഞാന്‍ എന്റെ നിറമുള്ള സ്വപ്നങ്ങളെ പ്രതിഷ്ടിച്ചു.

പിന്നെ ഒരു തമാശ എന്താണെന്ന് വച്ചാല്‍, മരിച്ചാ പിന്നെ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പറ്റില്ലയത്രെ.. അത് മോശമായി പ്പോയി.. ഇത് ദൈവത്തിന്റെ വൃത്തികെട്ട ഒരു തമാശ ആയിപ്പോയി..

എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍

നഷ്ടപ്രണയത്തിന്റെ പേരില്‍ മനസ്സിനു പുതിയ ചായം പൂശാന്‍ കുറച്ചു മലയാളം എവര്‍ ഗ്രീന്‍ ക്ലാസിക്കുകള്‍ ഐപാഡില്‍ കുത്തി നിറച്ചു അവന്‍ കിടന്നുറങ്ങി, സ്വപ്നത്തില്‍ യുഗ്മ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ അവന്‍ അവന്റെ നഷ്ടപ്രണയങ്ങളെ തേടി പിടിച്ചു ചങ്ങലക്കിട്ടു.

സല്ലാപം കവിതയായ്‌


കുത്ത്: കൂയ്‌? എവിടെയാ?
കോമ: ഞാന്‍ ഇവിടെയുണ്ട്!
കോമ: എന്താ ഈ കുനുകുനെ എഴുതുന്നത്‌?
കുത്ത്: ഒന്നുമില്ല.

നിസ്സംഗതയോടെ കുത്ത്: സര്‍ഗതമാഗതയുടെ കൈനവള്ളി ചുറ്റിയ വല്ല രചനകളും നിന്റെ മനസ്സിനെ തണുപ്പിച്ചോ?
കോമ: എന്റെ മനസ്സിനെയോ! ഇല്ല.

കുത്ത്: പ്രണയത്തിന്റെ മണമുള്ള പൂക്കള്‍ നിന്നെ ചുംബിച്ചപ്പോള്‍ ഒന്നും തോന്നിയില്ലേ? ഒന്ന് തിരിച്ചു തലോടാനെങ്കിലും?
കോമ: എന്റെ വായീന്നൊന്നും കേക്കരുത്!!
കുത്ത് ഊറി ചിരിക്കുന്നു
കുത്ത്: ഞാന്‍ ചെവി പൊത്തി

കുത്ത്: (പുഞ്ചിരിച്ചു കൊണ്ട്)എനിക്ക് നിന്റെ ഈ സ്വഭാവമാ ഇഷ്ടം!
കോമ: ഏതു സ്വഭാവം.
കുത്ത്: ഈ ചൂടാവുന്ന സ്വഭാവം.
ഒരു ദീര്‍ഘ ശ്വാസം എടുത്തു കൊണ്ട് കുത്ത് പറഞ്ഞു: എന്റെ യീ ഇഷ്ടമുള്ളവരെ തള്ളിയിട്ടു ചിരിക്കുന്ന എന്റെ ഈ സ്വഭാവം എന്ന് നിക്കുമോ ആവോ?
കോമ: ശെരിക്കും ദേഷ്യം വന്നിട്ട് പറയുന്നതല്ല കേട്ടോ ഇഷ്ടം കൊണ്ട് പറേണതാ,
നാണത്തോടെ അവളുടെ ചിരി കണ്ടു കുത്ത്:  എനിക്കറിയാലോ അത്"!

കുത്ത്: നമ്മടെ മനസ്സ് ഇപ്പഴും കണക്ക്റ്റ്ഡാ അല്ലെ? അങ്ങിനെ തന്നെ ഇരിക്കട്ടെ അല്ലെ?
കോമ: ചിരിക്കുന്നു.

കുത്ത്: ഒന്നും പറയാനില്ലേ
കോമ: ഞാനെന്താ പറയ?

ഒരു ചെറിയ നിശബ്ധതക്ക് ശേഷം
കോമ: ഞാന്‍ ഒരു കൊച്ച് കുട്ടിയാണെന്ന് തോന്നിപ്പോകുന്ന അവസരങ്ങളാണിവ!
കുത്ത്: ഈ സന്ദര്‍ഭം ഞാന്‍ ഒരു കഥയാക്കും. (ചിരിക്കുന്നു), അത്രയ്ക്ക് രസമുണ്ട്!
കോമ: ശെരിക്കും?
കുത്ത്: ഹം, അതെ,  എനിക്കു അത് അനുഭവപെടുന്നു!

കോമ: ഇന്ന് ഞാന്‍ എന്നെ കുറിച്ചെഴുതിയ ആ പഴയ ചെറുകഥ വായിച്ചു! അതിന്റെ ബാക്കി ആണോ ഇത്?
കുത്ത്വിന്റെ മുഖമൊന്നു വാടി, അത് കണ്ടു കോമ ചോദിച്ചു "എന്താ ഒരു വെഷമം"

കുത്ത്:  ഒന്നൂല്ല! നിന്നോട് കൂടതല്‍ സ്നേഹം തോന്നുനത് കൊണ്ടാ കണ്ണ് നിറയുന്നത്, ഞാന്‍ ഇത് ഒരു കഥയാക്കും, പക്ഷെ നമ്മളരിയാത്ത രണ്ടു പേരുടെ കഥകള്‍.

കോമ മന്ദഹസിക്കുന്നു.
കോമ: എന്നാ എഴുത്. ആളുകളെന്താ പറേണേന്നറിയാല്ലോ.
വീണ്ടും മന്ദഹാസം.

പാട്ടിയമ്മയുടെ ചൂല്



നിത്യവും ഞാന്‍ ഉണര്ന്നിരുന്നത് പാട്ടിയമ്മയുടെ അടിച്ചു വാരലിന്റെ ശബ്ദം കേട്ടിട്ടായിരുന്നു. തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം എന്റെ പുലര്‍കാല സുന്ദര സ്വപ്നങ്ങളെ നെടുകെ കീറും. അത് കൊണ്ടാവാം പാട്ടിയെയും പാട്ടിയുടെ ചൂലിനെയും ഞാന്‍ വെറുത്തിരുന്നത്.

പക്ഷെ ഇന്ന് അതിനു വിത്യസ്തമായി ചിറ്റമ്മ ഭഗവത്‌ഗീത വായിക്കുന്നു. നന്ദിനിയുടെ തേങ്ങല്‍ കേള്‍ക്കാം.  പാട്ടിയെ തുണി കെട്ടി കിടത്തിയിരിക്കുന്നു, അയല്പക്കക്കാര്‍ കൂടി ഇരിക്കുന്നു, ദൈവമേ എന്താണ് ഞാനീ കാണുന്നത്, അതെ മരിച്ചിരിക്കുന്നു, പാട്ടിയമ്മ മരിച്ചിരിക്കുന്നു. എന്റെ മുഖത്ത് ചിരി വിടര്‍ന്നു. അത് കണ്ട നന്ദിനിയുടെ മുഖത്ത് സന്തോഷമോ ദുഖമോ ഒന്നും വിളിച്ചോതാത്ത  ഒരു തരം നിര്‍വികാരത പരന്നു. എന്തോ എനിക്കവളോട് പുച്ഛം തോന്നി.

രാവുണ്ണി മാമന്‍ വന്നിട്ട് തീരുമാനം വല്യച്ചനെ അറിയിക്കാം എന്നാണ് ഓപ്പോള്‍ പറഞ്ഞത്. ദഹിപ്പിക്കാന്‍ അനുവാദമില്ല, എന്നാലും പ്രശനം വച്ച് അങ്ങട്ടു ദഹിപ്പിക്ക തന്നെ. കാരണവന്‍മാര്‍ അടക്കം പറയുന്നത് കേട്ടൂ.  ദുഃഖത്തിന്റെ കനം കൊണ്ടാണോ ന്നറിയില്ല അതോ ഇനി ഞാന്‍ ബോധംകെട്ടു വീണതാണോ ന്നറിയില്ല എങ്ങും നിശബ്ദത മാത്രം.

തീര്‍ത്തും നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂലിന്റെ മണ്ണിനെ മുറിപെടുത്തുന്ന ശബ്ദം കേട്ട് ഞാന്‍ വീണ്ടും ഉണര്‍ന്നു.

കണ്ണീര്‍ ഡാം

കരയാതെ ഒഴുകുന്ന കണ്ണുനീര്‍കൊണ്ട് ഞാന്‍ ഒരു മുല്ലപെരിയാര്‍ കെട്ടും, അത് ആരും പൊളിക്കാനോ പുതുക്കി പണിയാനോ പറയരുത്. വല്ലാണ്ട കളിച്ചാല്‍ ഞാനും എന്റെ പ്രണയവും ഈ കണ്ണീര്‍ ഡാമില്‍ ചാടി ആതമഹത്യ ചെയ്യും. സത്യം.

നഷ്ടപെടുത്താന്‍ വേണ്ടി മാത്രം നേടിയെടുക്കുന്ന പ്രണയങ്ങള്‍!

പ്രണയവും വിരഹവും ഒരുമിച്ചു പെയ്യുന്ന നിലാവ്.. ആ നിലാവത്തു പിന്നിടുന്ന വഴികളില്‍ കാണാന്‍ കൊതിക്കുന്ന മുഖം തിരയുന്ന ഞാന്‍, പരിചിതമല്ലാത്ത ഓരോ മുഖത്തും പ്രതിഫലിക്കുന്നതു അവളുടെ ഭാവങ്ങള്‍, ഓരോ മുഖവും പിന്നിലേക്ക്‌ മറയുംമ്പോഴും എന്റെ മനസ്സ് ചോദിക്കുന്നു "ഒരു വേള എന്റെ ബോധം അവളെ തിരയുന്നത് എന്തിനു വേണ്ടിയാവണം?

ഇതൊന്നും ആരും വായിക്കരുത്.

ഉയരങ്ങളിലെ വീഴ്ച
-----------------
മേഘങ്ങളുടെ വിടവുകള്‍ക്കിടയിലൂടെ ഇരുട്ടിന്റെ ആഗാധതയിലേക്ക് വീണത്‌ എന്റെ അത്യാഗ്രഹങ്ങളുടെ സ്വപ്നങ്ങളായിരുന്നു. വീണു മരിച്ച ആ സ്വപ്നങ്ങളുടെ മേല്‍ എന്റെ അഹന്ത മല്ലികപൂക്കള്‍ ചിരിക്കുന്ന ഒരു റീത്ത് വച്ചു ചിരിച്ചു.

ഹാഫ് ഡേ ലീവ്
----------------------
പതിവായ്‌ കാണുന്ന സ്വപ്നങ്ങളില്‍ അവളെന്നും എന്നെ ചുംബിക്കാറണ്ടായിരുന്നു.ഇന്നലെ എന്തോ ആ ചുംബനം കിട്ടിയില്ല. ഇന്നലെയവള്‍ ഹാഫ് ഡേ ലീവായിരുന്നു എന്ന് ഇന്ന് സ്വപ്നത്തില്‍ പറഞ്ഞു. കുടിശ്ശികയായ ചുംബനങ്ങളും കൂട്ടി വേറെ പലതും കിട്ടി.

"വിപ്ലവം ജയിക്കട്ടെ, വിശപ്പ്‌ തുലയട്ടെ"
------------------
അപ്രിയ സത്യങ്ങള്‍ക്ക് വേണ്ടി തൊണ്ട വറ്റിച്ചു മുദ്രാവാക്യം വിളിച്ചു, ഇപ്പോള്‍ വിശക്കുമ്പോള്‍ ദാഹിക്കുമ്പോള്‍ ആ അപ്രിയ സത്യങ്ങള്‍ കാരുണ്യം കാണിച്ചില്ല, തൊണ്ട നനഞ്ഞില്ല, വയറു നിറഞ്ഞില്ല പക്ഷെ മനസ്സ് നിറഞ്ഞു... "വിപ്ലവം ജയിക്കട്ടെ, വിശപ്പ്‌ തുലയട്ടെ"

ഗാന്ധി ജയന്തി
----------------
മല്യാ തീര്‍ത്ഥം മേടിക്കാന്‍ ഞാന്‍ ബീവറേജസില്‍ പോയി, ഇന്ന് ബീവറേജസ്‌ അവധിയാണത്രേ, ദൈവമേ ഇന്നും ഗാന്ധി ജയന്തിയോ? ഞാന്‍ ഗാന്ധി ജയന്തി ഇല്ലാത്ത ഒരു പുതിയ കലണ്ടര്‍ വാങ്ങാന്‍ തീരുമാനിച്ചു.

നിന്നെ ഞാന്‍ വീണ്ടും ഓര്‍ത്തുപോവുന്നു

മനസ്സിന്റെ കണ്ണാടി കൂട്ടില്‍ ഒരു കനമുള്ള പ്രണയത്തിന്റെ സ്വപ്നം വന്നു വീണു, അതില്‍ തകര്‍ന്ന കണ്ണാടി ചില്ലുകളില്‍ പ്രതിഫലിച്ചത്  ഞാന്‍ കാത്തു സൂക്ഷിച്ചിരുന്ന ഒരു കൂട്ടം പഴയ പ്രണയഓര്‍മ്മകള്‍ ആയിരുന്നു, പിന്നെ അവ കണ്ണീരിന്റെ നനവ്‌ തട്ടിയ കടലാസു തോണികള്‍ പോലെ ഓളം തെന്നി നീങ്ങി മറഞ്ഞു. പുതിയ പ്രണയത്തിന്റെ സ്വപ്നം മനസ്സില്‍ ഒരു തരം ലഹരിയുള്ള പുക നിറച്ചു എന്നെ അബോധാവസ്ഥയിലാക്കി.

ലേബല്‍: നിന്നെ ഞാന്‍ വീണ്ടും ഓര്‍ത്തുപോവുന്നു..

പ്രതിരൂപങ്ങള്‍

ഇനിയും മനസ്സിലാവാത്ത
മനസ്സിന്റെ തുടിപ്പുകള്‍
മുഖത്തെ ഭാവങ്ങള്‍
അര്‍ത്ഥമില്ലാത്ത വാക്കുകള്‍, ചിരികള്‍..
നമ്മള്‍ സദൃശമായി ആടുന്ന കോമരങ്ങള്‍
വിരസമായ നീണ്ട സംവാദങ്ങള്‍
അസ്ത്വിത്വം ഇല്ലാത്ത എന്റെ വാദങ്ങള്‍
എന്നെ വീണ്ടും പ്രണയത്തിലേക്ക്
വലിച്ചടുപ്പിക്കുന്ന സ്വപ്‌നങ്ങള്‍
എന്റെ ചിന്തകളെ തുലാസിലിട്ട സ്വപ്‌നങ്ങള്‍...
നമ്മള്‍ പ്രതിരൂപങ്ങള്‍
നമ്മള്‍ വഴിയരികിലെ പ്രതിഷ്ടയില്ലാ അമ്പലങ്ങള്‍