ഞാനും നീയും 2

മനസ്സിന്റെ ഉള്ളില്‍ എവിടെയോ തോന്നുന്ന അരക്ഷിതാവസ്ഥ, അതാണോ നീ, എന്റെ സ്നേഹം, നിന്നോട് എനിക്ക് തോന്നുന്ന വികാരം,  നീ വെറുക്കുന്നവരും നിന്നെ വെറുക്കുന്നവരും എപ്പോഴും ഒരേ ആള്‍ ആവണമെന്നില്ല, അത് പോലെ നീ സ്നേഹിക്കുന്നതും നിന്നെ സ്നേഹിക്കുന്നതും ഒരേ ആള്‍ ആവണമെന്നില്ല, ഒരു വിഡ്ഢിയെ പ്പോലെ ഞാന്‍ നിന്നെ  സ്നേഹിക്കുന്നു, എന്റെ ജീവിതം തന്നെ നീ മാറ്റി മറിച്ചു, അല്ലങ്കില്‍ മാറ്റാന്‍ ശ്രമിക്കുന്നു.  ഈ സ്നേഹം ഒരു ചക്രം പോലെ കറങ്ങി വരുന്ന  ഒരു വികാരമല്ലേ, സ്നേഹിക്കുമ്പോള്‍ വേദനിക്കുന്നു, വേദനിക്കുമ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നു, വെറുക്കുമ്പോള്‍ മറക്കാന്‍ ശ്രമിക്കുന്നു, മറന്നു തുടങ്ങുമ്പോഴേക്കും വല്ലാണ്ടേ എന്തൊക്കെയോ നഷ്ടപെടുന്ന പോലെ തോന്നുന്നു, അല്ലങ്കില്‍ എന്തിന്റെയോ അഭാവം മനസ്സിനെ അലട്ടുന്നു. ഇങ്ങിനെ ഒക്കെ തോന്നുമ്പോ എനിക്ക് നഷ്ടപെടുന്നതിനെ വീണ്ടും തിരിച്ചു കിട്ടിയെങ്കില്‍ എന്ന് ആശിക്കുന്നു, ഒടുവില്‍ ആശയപരമായി നമ്മള്‍ വീണ്ടും പ്രണയത്തില്‍ തന്നെ എത്തി ചേരുന്നു. വെറുക്കാന്‍ വേണ്ടി സ്നേഹിക്കാം, അല്ലങ്കില്‍ സ്ന്ഹിക്കാന്‍ വേണ്ടി വെറുക്കാം, സ്നേഹിച്ചാല്‍ വെറുക്കണം, പിന്നെ മരിക്കണം. ഞാനും നീയും ഇങ്ങിനെ സ്നേഹിച്ചു കഴിഞ്ഞാല്‍ മതിയോ?

ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!

ഞാന്‍ ഇതുവരെ എല്ലാം നിന്നോട് തുറന്നു പറഞ്ഞിട്ടില്ല!
ഇപ്പൊ കുറ്റബോധം ചര്ദ്ധികുകയല്ല, എനിക്ക് എന്നെ തന്നെ നഷ്ടപെടുമ്പോള്‍.. അന്ന് ഇന്നും പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ മനസ്സിന്റെ ഇരുട്ടിനു കനം കൂടുന്നു. ഇരുട്ട് കണ്ണുകളിലേക്കും തൊണ്ടയിലേക്കും വ്യാപിക്കുന്നു. അന്തകാരം നിറയുന്നു, ആ അന്തകാരത്തില്‍ നിശബ്ദത ഉറങ്ങികിടക്കുമ്പോള്‍ മനസ്സ് ഉള്‍വലിയുന്നു. നിശബ്ദത പൊതിഞ്ഞ മനസ്സിന്റെ ഉള്ളില്‍ പറയാനുള്ള എന്റെ സത്യങ്ങള്‍ ചത്തൊടുങ്ങുന്നു. ഞാന്‍ വീണ്ടും മൂകനാകുന്നു..

നട്ടെല്ല് വളഞ്ഞ ഞാനും നീയും‍

എന്റെയും നിങ്ങളുടെയും മുഖത്ത് ഞാന്‍ കാണുന്നതു കാപട്യം മാത്രം, മതി മറന്നു ആഹ്ലാധിക്കാനും, ചിരിക്കാനും ജീവിതത്തെ പാകപെടുത്തുന്ന നമ്മുടെ അസംഭാവ്യമായ പരിശ്രമങ്ങള്‍. നോക്കൂ, ഞാനും എന്റെ ദുഖങ്ങളും സുഖമായി ഉറങ്ങുന്നു, ചിരിക്കുന്നു, കരയുമ്പോള്‍ എന്റെ ദുഃഖങ്ങള്‍ മാത്രം കരയുന്നു. നഷ്ടങ്ങളെയും ദുഖങ്ങളെയും പേറി നട്ടെല്ല് വളഞ്ഞ ഞാനും നീയും‍, എന്തൊരു ദുരന്തം അല്ലെ.. ജീവിതവും വളഞ്ഞു വരുന്നു‌. നമ്മള്‍ ജീവിതത്തെ ഔചിത്യത്തോടെ വളഞ്ഞു സ്വീകരിക്കുന്നു. പരിചയ പെടുന്ന എല്ലാ സ്ത്രീ പുരുഷ ജന്തുക്കള്‍ക്കും ഉണ്ട് ഈ പരിഭവം. നീയും ഞാനും പിന്നെ നമ്മുടെ മനുഷ്യത്വം വറ്റിയ മനസ്സുകളെയും താരാട്ട് പാടി നമ്മുക്ക് ഉറക്കാം. എന്നിട്ട്  പുതിയ ഒരു ലോകത്തെക്ക് ഇറങ്ങാം, വഴികളില്‍ വന്നു ചേരുന്ന പുതിയ ദുഃഖങ്ങളെയും, നഷ്ടങ്ങളെയും, നൊമ്പരങ്ങളെയും കൂടെ കൂട്ടാം‍.

രണ്ടാമത്തെ മരണം

മരങ്ങള്‍ ഇലകള്‍ പൊഴിക്കും പോലെ ദൈവം ജീവിതങ്ങള്‍ പൊഴിക്കുന്നു. ദൈവം നീചനാണോ? ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറം പിടിച്ചു വരുമ്പോഴേക്കും ഒരു ചെറിയ കാറ്റില്‍ സ്വന്തം ഇടയരിയാതെ മരണത്തിന്റെ തണുപ്പിലേക്ക് പറന്നു ഇറങ്ങുന്ന ജീവിതങ്ങള്‍,  മരണത്തിനു തണുപ്പുള്ള സുഖമായിരിക്കും എന്ന് എന്റെ മരിച്ചു പോയ സ്വപ്നങ്ങള്‍ പറഞ്ഞിരുന്നു, അത് കൊണ്ടാണത്രേ മരിച്ചവരെ പുതപ്പിക്കുന്നത്, ആത്മാക്കള്‍ തണുത്തു ഐസു കട്ടപോലെ ഉറങ്ങുന്നു എരിയുന്ന ചകിരി തോണ്ടുകളുടെ ചൂടറിയാതെ.. അടുത്ത ജീവിതത്തിലേക്ക്ള്ള വഴിയില്‍ ഇടക്കെന്നു ക്ഷീണം മാറ്റാന് കിടക്കുന്ന പോലെ തണുത്തു മരവിച്ചു കിടക്കുന്നു‍. എനിക്കും തണുക്കുന്ന പോലെ...

വിചാരണം

ഞാന്‍ എന്നെ അന്വേഷിച്ചു വലഞ്ഞു, നിങ്ങള്‍ കണ്ടോ എന്നെ?. അന്തര്‍മുഖത്തിന്റെ മാറാലയില്‍ കുരുങ്ങി കിടക്കുന്ന എന്നെ തിരിച്ചറിയുക. ഹോ. ഇരുട്ടില്‍ എന്റെ മുഖം ഭംഗിയുണ്ടെന്ന് സ്വപ്നത്തിലെ ചോച്ചുന്‍ മരങ്ങള്‍ പറഞ്ഞു. പക്ഷെ ഇരുട്ടില്‍ എന്നെ ആരെങ്കിലും കാണുമോ?, വേണ്ട ആരും കാണണ്ട.. ഞാന്‍ ഇങ്ങിനെ ഇരുന്നോളാം, നോക്കൂ ഇതാ  വെളിച്ചം ഭൂമിയില്‍ വീണിരിക്കുന്നു, വെളിച്ചത്തു ഞാന്‍ ഇന്നലെ തയിച്ച എന്റെ പുതിയ മുഖമുടി അണിയും, ആര്‍ക്കും പരിചിതമല്ലാത്ത ഒരു മുഖം, എന്നിട്ട് എല്ലാവര്ക്കും സമ്മാനമായി പുഞ്ചിരി(മിഥ്യാകൃതി) നല്‍കാം, അവരുടെ ചിരി വരാത്ത തമാശകള്‍ക്ക് പൊട്ടിചിരിക്കാം. വെളിച്ചം ഓടി മറയുമ്പോള്‍ എനിക്കും ഓടണം. മനസ്സിനെ ഇരുട്ട് പുല്കുമ്പോള്‍ അയഥാര്‍ത്ഥ നിഴലുകള്‍ അലിഞ്ഞു ഇല്ലാതാവുമ്പോള്‍ എനിക്കെന്റെ മുഖമുടി അഴിക്കണം, എന്നിട്ട് എന്റെ സ്വന്തം മുഖം കാണണം. അപ്പോള്‍ കണ്ണീരിന്റെ നനവില്‍ ഒലിച്ചിറങ്ങുന്ന ദുഖങ്ങളുടെ നിര്‍വൃതിയില്‍ എനിക്കെന്നെ കണ്ടെത്തണം.

നിശബ്ദത

മൌനങ്ങളും അതിന്റെ അര്‍ത്ഥങ്ങളും ഗണിചെടുത്തു അവര്‍ പുതിയ ഒരു പ്രണയ കവിത എഴുതി. പിന്നീട് അപകര്‍ഷതാബോധം തട്ടി മഷി വീണു പരന്ന ആ പ്രണയത്തിന്റെ താളില്‍ പിന്നെയും മൌനം തളം കെട്ടി നിന്നു. സന്തതമായ മൂകതക്ക് അര്‍ത്ഥമേകാന്‍ അയാള്‍ അവളെ ദൃഢമായി ചുംബിച്ചു. നിസ്സാഹായത പരന്ന അവളുടെ ചുണ്ടുകള്‍ക്ക് ജീവന്‍ വെച്ചു. അവളുടെ അപകര്‍ഷതാബോധം ആ ചുംബനത്തില്‍ അലിഞ്ഞു ഇല്ലാതെയായി. മുന്‍പെങ്ങും കാണാത്ത, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം അയാള്‍ അവളുടെ കണ്ണുകളില്‍ കണ്ടു. ദീര്‍ഘമായ സുഖമുള്ള ഒരു മൌനത്തിനു ശേഷം അവള്‍ വാചാലയായി. മൌനങ്ങളുടെ അര്‍ത്ഥ ഗര്‍ഭങ്ങളില്‍ ഒളിച്ചു വച്ചിരുന്ന മധുരമുള്ള ശബ്ദം അയാള്‍ കേട്ട് തുടങ്ങി. നിശബ്ദതയുടെ വിരാമം ഇങ്ങിനെ ആയിരുന്നു.

ചില പാട്ടു പെട്ടികള്‍ ഇങ്ങിനെയാണ്, ഒരു കൊട്ട് കിട്ടിയാല്‍ ജീവന്‍ വെക്കും. പിന്നെ മധുരമുള്ള ഇമ്പമാര്‍ന്ന പാട്ടുകള്‍ അനര്‍ഗനിര്‍ഗളമായി ഒഴുകും....

പ്രണയത്തിന്റെ ആത്മാവ്

ഞാന്‍ എന്റെ മനസ്സിലെ പ്രണയ ശലഭങ്ങളെ തുറന്നു വിടും, അപ്പൊ സ്നേഹത്തിന്റെ പുതു മഴ പെയ്യും,  അവിടെ വിടര്‍ന്ന മഴവില്ലിലൂടെ ഊര്‍ന്നിറങ്ങി ഞാന്‍ നമ്മുടെ സ്വപ്നങ്ങളുടെ കൊട്ടാരമുണ്ടാക്കും, അവിടെ ഞാനും നീയും മുന്തിരി തോട്ടങ്ങളില്‍ നമ്മുടെ പ്രണയത്തിന്റെ ആത്മാവിനെ തേടി അലയും.

ഞാനും നീയും

സ്നേഹിക്കപ്പെടാന്‍ വെമ്പുന്ന മനുഷ്യ ഹൃദയങ്ങള്‍, അതിനപ്പുറത്ത് ആ സ്നേഹത്തെ തോല്‍പ്പിക്കുന്ന ഒളിച്ചോട്ടവും, ഒരു തരത്തില്‍ നമ്മള്‍ എല്ലാവരും ഓരോ കാസനോവ ജന്മങ്ങള്‍ മാത്രം...

നടുങ്ങു മുടുങ്ങു ജനിക്കുന്നു: ഒരു ഉത്തരാധുനിക പ്രണയ കാവ്യം

ഉട്ടോപ്യന്‍ കടല്‍ കൊള്ളക്കാരനായ തന്കപ്പന്റെയും ഭാര്യ രമണിയുടെ മൂത്തമകനായി ഉഗാണ്ടയില്‍ ജനിച്ച ശശി പറവൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുധമെടുത്തതിനു ശേഷം ബോസ്റ്നിയ കടലിടുക്കിലെ കവരത്തി ദ്വീപില്‍ താലൂക്കപ്പീസറായി ആയി ജോലി നോക്കുന്ന കാലം, പ്രായം കണ്ടാല്‍ ചരമം തോന്നിക്കാത്ത സ്ട്രബെര്രിയുടെ നിറമുള്ള ചുണ്ടുകളും വിയ്യൂര്‍ ജയിലിലെ ഗോതമ്ബുണ്ടയുടെ നിറവും നെല്ലിയാമ്പതിയിലെ കാരക്കോറം വെള്ളച്ചാട്ടം പോലെ ഒഴുന്ന കൂന്തലഴകുമായി ഉത്തരാധുനികതയുടെ മടിത്തട്ടില്‍ കിടന്നു കാലിട്ടിളക്കുന്ന ഒരു പെണ്‍കുട്ടി വന്നു. അവളുടെ പേരായിരുന്നു കാര്ത്യാനി, അവളുടെ മുഖത്തെ ലാഞ്ചനയും സ്വഭാവത്തിലെ വഞ്ചനയും ഒക്കെ ചേര്‍ന്ന് അവള് ഒരു ഒന്നൊന്തരം ആഫ്രിക്കന്‍ നാരി ആയിരുന്നു, ആഫ്രിക്കന്‍ സഫാരികള്‍ക്ക വരുന്ന അറേബ്യന്‍ പര്‍ദ്ദാധാരിണികളെ വെല്ലുന്ന സൌന്ദര്യം ഉണ്ടായിരുന്ന അവള്‍ ശശിയുമായുള്ള ഒരു ആകസ്മികമായ കണ്ടു മുട്ടലില്‍ പ്രണയബദ്ധരായി.. അത്ര പെട്ടെന്നായിരുന്നു ശശിയുടെ മനസ്സില്‍ അവള്‍ ഏണി വച്ച് കയറിയത്. തുടര്‍ന്ന് മാലോകര്‍ അറിയാതെ ബോസ്ടിനിയില്‍ നടന്ന പാനിപെട്ട് യുദ്ധത്തില്‍ പല ശവങ്ങളും വീണു.

ഏതോ മഴ പെയ്യാത്ത ഒരു മണ്‍സൂണ്‍ രാവില്‍ ഭൂജാതനായ മിടുങ്ങുവിനെയും എടുത്തു ഉതോപ്യയില്‍ നിന്നും വണ്ടി കയറിയ കര്ത്യാനി ചെന്നെത്തിയത് അധോലോകത്തിന്റെ ചോരമണക്കുന്ന താഴ്വാരങ്ങളില്‍ എവിടെയോ ആണ്. കരിഒയിലിനെ വെല്ലുന്ന നിറമുള്ള മിടുങ്ങുവിനെ കൊണ്ട് അലഞ്ഞു തിരിയുന്ന നേരത്ത്, ഫെക്കുകളുടെ പാറമടയില്‍ പണിയെടുക്കുന്ന ചുവന്ന കോട്ടിട്ട് തമാശ പറയുന്ന പോപ്പിയെ കണ്ടു മുട്ടി, പോപ്പി കര്ത്യായനിയുടെ സൌന്ദര്യത്തില്‍ മതി മറക്കുന്നു, മാര്‍കെറ്റില്‍ വില്‍ക്കാതെ കിടക്കുന്ന ചീഞ്ഞ മത്തിയുമായി ഇരിക്കുന്ന മീന്കാരിയുടെ മനസുമായി കഴിഞ്ഞ കാര്തായനിയുടെ ജീവതത്തിലേക്ക് ഒരു M80 ഓടിച്ചു വന്ന പോപ്പിയെ സ്വീകരിക്കാന്‍ അവള്‍ക്കു ഒരു മടിയും ഉണ്ടായിരുന്നില്ല, മൂക്കള ഒലിപ്പിച്ചും നിത്യയുടെ ഗോള്‍ പോസ്റ്റില്‍ ഇടയ്ക്കിടെ ഗോള്‍ അടിച്ചും നടക്കുന്ന മിടുങ്ങുവിനെ പഠിപ്പിച്ചു വലുതാക്കി വല്യ ഒരു കംമെന്റെട്ടര്‍ ആക്കണം എന്ന ചിന്തയുമായി പോപ്പി ഇപ്പോഴും ഈ അധോലോകത്തിന്റെ മൂലകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു, തന്നെ പരിണയിച്ച പോപ്പിക്ക് ഫ്രീ ആയിട്ട് കൊടുത്ത മുതലിനെ താലോലിച്ചു കാര്ത്യായനിയും സന്തോഷവാതിയാണ്...

അങ്ങിനെ കാലചക്രം തിരിഞ്ഞും മറിഞ്ഞും ഇവിടേം വരെ ആയി.... അച്ഛനും മകന്റെയും കഥ ഇവിടെ അവസാനിക്കുന്നില്ല... അധോലോകം പുതിയ കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു..

നീ

മതിഭ്രമത്തിന്റെ താക്കോല്‍ കൂട്ടങ്ങള്‍ അറിയാതെ വീണത്‌ ഓര്‍മകള്‍ ഉണക്കാനിട്ട മുള്‍ചെടികാടുകളില്‍ ആണ്. മുറിവേറ്റ ഓര്‍മ്മകക്കിടയിലൂടെ നീന്തി മറഞ്ഞ സ്വപ്‌നങ്ങളെ കോരിപിടിച്ചു പുതിയ ചരടില്‍ കൂട്ടികെട്ടി ഞാന്‍ നെഞ്ചത്ത് തൂക്കി, ചിരി മറന്ന ചുണ്ടുകള്‍ നനവ് കിട്ടാതെ വരണ്ടു ഉണങ്ങി. ഇടിമുഴക്കത്തോടെ മഴ വന്നു, ആ മഴയില്‍ നെഞ്ചില്‍ തൂക്കിയ സ്വപ്‌നങ്ങള്‍ രക്ഷപെട്ടു.. ശ്വാസം മുട്ടിയ എന്റെ ബോധത്തെ പിന്നില്‍ നിര്‍ത്തി നീ എനിക്ക് വേണ്ടി ചിരിച്ചു, നിലാവത്ത് അപ്പോഴും എന്റെ നിഴലുകള്‍ കരയാതെ നിന്നു...

"യുഗ്മം" അഥവാ "ധ്വിമുഖം"

കഥയറിയാതെ ആട്ടം കാണുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ, അവര്‍ക്കറിയില്ല അവരുടെ ചുറ്റും ബ്രഹ്മാണ്ടാമായ ഒരു കഥ നടക്കുന്നുണ്ട് എന്ന്, ചില ഭാവങ്ങള്‍ കണ്ടു അതിശയിച്ചു നില്‍ക്കുന്ന പാവം മണ്ടന്മാര്‍,  അവര്‍ ശ്രദ്ധിക്കുക മുദ്രകള്‍ ആയിരിക്കും, ഒരു മുദ്രയെ കുറിച്ച് അവര്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് അങ്ങിനെ നീണ്ടു ചിന്തിക്കും...   പിന്നീട് പരിചയമുള്ള വേറെ ഒരു ചേഷ്ട കാണുമ്പോള്‍ അറിവിലുള്ള ഏതെന്കിലും ഒരു കഥയുമായി അവര്‍ അതിനെ ബന്ധിപ്പിക്കുന്നു. മനസിലുള്ള കഥയുമായി അവര്‍ക്കറിയാത്ത കഥകള്‍ കൂട്ടി കുഴച്ചു വീണ്ടും ചിന്തിക്കുന്നു. അനാദ്യന്തമായ ഒരു ചിന്താ സരണി ഉണരുകയായി.

അപഥ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു സ്വന്തം മനസ്സിനെ വഞ്ചിക്കുന്ന ബന്ധങ്ങള്‍ ധ്വംസിക്കുക... വിരസമായ നിര്‍ജ്ജനതക്ക് വിരാമമായി ഒരു പുതിയ പാട്ട് മൂളുക...

"I hate you, like I love u.
I hate you, like I love u.. love u love love u.."

സന്തോഷിക്കുക...

ശുഭം