എന്റെ ആത്മാവിനു അനുകമ്പയുടെ തണലേകാന്‍, എന്നിലെ മനുഷ്യത്വത്തെ കനിവോടെ പകുത്തു നല്‍കാന്‍, എന്റെ നിര്‍ദ്ധന സ്വപ്നങ്ങള്‍ക്ക് അഴക് കൂട്ടുവാന്‍, എന്റെ വികലമായ ചിന്തകള്‍ക്ക് മിഴിവേകുവാന്‍ ഈ ജീവിതത്തില്‍ എനിക്ക് നിന്നെ വേണം. എന്റെ ആത്മാവിന്റെ തണലില്‍ വളരുന്ന ഇലകൊഴിഞ്ഞ മരത്തില്‍ ഞാന്‍ കെട്ടിയിട്ട് വളര്‍ത്തുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ സാന്ത്വനിപ്പിക്കാന്‍ എന്നും നീ കൂടെ വേണം.
നീയെനിക്കെന്തെന്നുള്ള ചോദ്യങ്ങള്‍ക്കും നീയെനിക്കെന്തു തരുമെന്നുമുള്ള ചോദ്യങ്ങള്‍ക്കും മറുപടിയായി, ഒരു മെഹറായി നീയെന്നെ സ്വീകരിച്ചു കൊള്‍ക. ഞാനെന്ന കനത്ത ഇരുട്ടിലേക്ക് ഒരു വെളിച്ചമായി നീ ഓടിവരിക. നീയെന്നെ.. നിന്റെ മനസ്സിന്റെ തടവുകാരനാക്കുക, നിന്റെ പ്രണയത്തിന്റെ നിത്യതയില്‍ നീയെന്നെ തളച്ചിടുക. നിതാന്തമായ ഈ പ്രണയത്തില്‍ നിന്റെ സ്നേഹചങ്ങലകളാല്‍ ബന്ധിച്ച എന്റെ ഹൃദയം സുരക്ഷിതമായിരിക്കും.
ഭൂമിയിലാണ്ട് കിടക്കുന്ന ലോഹങ്ങള്‍ക്കും വജ്രങ്ങള്‍ക്കുമപ്പുറം വിലമതിക്കാനാവാത്ത ഈ സ്നേഹവും, നീയാണ് എന്റെ ജീവെനെന്നു ഞാന്‍ കരുതുന്ന ഈ ജീവിതവും, മനസ്സും പിഴുതെടുത്ത് ഞാനീ ഉള്ളം കൈയ്കളില്‍ വച്ചു തരുന്നു.
ഈ തുടിക്കുന്ന ഹൃദയം, ജീവനോടെ നില്‍ക്കുന്ന ഞാന്‍ എന്ന ഈ അഹങ്കാരവും, ഇനി ഒന്നിച്ചു ഒരുമിച്ചു തുടരുന്ന സമയങ്ങളും, എല്ലാം ഞാന്‍ നിന്നെയേല്‍പ്പിക്കുന്നു. ഒരു മെഹറായി നീയെന്നെ സ്വീകരിച്ചു കൊള്‍ക.
ഇതില്‍ കൂടുതല്‍ മെഹറായിട്ടു നിനക്കെന്തു വേണം?
ഒരു ചിരിയായിരുന്നു മറുപടി. ആ ചിരിയില്‍ ഒരു പിടി പല നിറമുള്ള പൂക്കള്‍ അടര്‍ന്നു വീണു.