പ്രഹേളിക

ഇലകൊഴിയുന്ന മരത്തില്‍ കൂടുകൂട്ടാന്‍ വെമ്പുന്ന വെള്ളിമത്സ്യങ്ങളെ പോലയാണ് ഇപ്പൊ മനസ്സ്.

ഞാനെന്ന അസതിത്വത്തിന് നിറം നഷ്ടപ്പെട്ടിരിക്കുന്നു. ഭയപ്പാടുള്ള കണ്ണുകളുമായ് ഇരുണ്ട ഇടനാഴിയിലേക്ക്‌ മുഖം പൂഴ്ത്തുമ്പോള്‍ മനസ്സ് വികൃതമാണെന്ന ചിന്തകള്‍ എന്നെ അലട്ടുന്നില്ല.
ഒരു നിഴലുപോലെ എന്നെ പിന്തുടരുന്ന ചാപല്യങ്ങളെ പട്ടിണിക്കിടാനുള്ള തീരുമാനം ക്രൂരമായി തോന്നി. പക്ഷെ ഒരു പുതുജീവനത്തിനു സഹനങ്ങളുടെ പ്രക്രിയകള്‍ അടിത്തറയിടുമെന്ന വിശ്വാസത്തില്‍ മറ്റൊന്നും ഓര്‍ക്കാതെ തലകുനിച്ചു നടക്കുന്നു.

അപ്പോഴും ഒരു കടലിന്റെ നിശ്വാസം ആര്‍ത്തിരച്ച് മനസ്സിന്റെ ചുമരുകളില്‍ ചെന്നിടിക്കുന്നുണ്ടാവാം. അത് നിശബ്ദമാകുന്നതുവരെ നുണകളില്‍ ജീവിക്കണം. കനത്ത മേഘങ്ങള്‍ തണല്‍ വിരിച്ചു ഒരു കൊടുങ്കാറ്റായി അതെന്നെ വിഴുങ്ങുന്നതുവരെ ഒരു ചിരിയില്‍ തീര്‍ത്ത പുതിയ മുഖം കടമെടുക്കണം.

പിന്നെ ഉയിര്‍ത്തെഴുന്നേല്ക്കുന്ന പുതിയ അങ്കണത്തില്‍ മാനവികത തിരഞ്ഞു വീണ്ടും പ്രണയത്തിന്റെ അഗാതഗര്‍ത്തങ്ങളിലേക്ക് കൂപ്പുകുത്തണം.