സങ്കുചിത ചിന്തകള്‍ സൃഷ്ടിക്കുന്ന കഠിനമായ നേരങ്ങളില്‍ ഹൃദയം മണ്ണില്‍ തലപൂഴ്ത്തിക്കിടന്നു. സ്നേഹം കുമിഞ്ഞു കൂടിയിരുന്ന ഹൃദയകവാടങ്ങളില്‍ അവഗണനയുടെ* കടതെയ്യങ്ങൾ ഉറഞ്ഞാടുകയായിരുന്നു. അഹന്തയുടെ പകപോക്കലിൽ മുറിവേല്‍പ്പിക്കപെട്ട ഹൃദയം കരയുകയായിരുന്നു. പ്രണയം ഭയത്തോടെ മരപ്പൊത്തില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നു.
പകയുടെ കനലുകളില്‍ എരിയുന്ന രണ്ടു മുഖങ്ങളായി ദൂരെ നിന്ന് ചിരികളില്‍ പ്രണയം നടിച്ചു. ഉള്ളില്‍ ഞാനെന്ന ഭാവം ഉറഞ്ഞു തുള്ളിയപ്പോള്‍ രണ്ടറ്റവും എരിയുന്ന ഹൃദയം പച്ച മാംസം കത്തുന്ന പോലെ മണത്തു. സ്നേഹസംഭാഷണങ്ങള്‍ മലിനമായി. സ്നേഹം വഴിമരങ്ങളായ് അകലങ്ങളിലേക്ക് നോക്കി കണ്ണുനീര്‍ പൊഴിച്ചു നിന്നൂ.
തോല്‍വി നേരിടുന്ന ഹൃദയം അങ്ങനെയാണ്. യഥാർത്ഥ രൂപത്തെ തിരിച്ചറിയില്ല. ഉടലിൽ മാന്യത പൂശും, പ്രണയം നടിച്ചു കൊല്ലും, മാഹാത്മ്യം നടിച്ചു വേദനിപ്പിക്കും, അവഗണനയുടെ* ദൂരത്തില്‍ നിന്നു കൊണ്ട് പ്രണയത്തെ താലോലിച്ചു ആത്മരതി കണ്ടെത്തും, വിട്ടകന്നു സംരക്ഷിക്കും, സ്വയം ഭീരുക്കളെന്ന് മുദ്രകുത്തും, മാന്യതയുടെ മേലങ്കിയണിയും, നിസ്സഹായരായി മാറിനില്ക്കും . നഷ്ടങ്ങളെ തിരിച്ചറിയാതെ മറവിയിലേക്ക് കൂപ്പുകുത്തി വേദനയോടെ കരയും.
പക്ഷെ അഹന്തയും മാന്യതയും അവരെ ജീവിതത്തില്‍ ഉത്തമരാക്കും.
*despite the fact that we got more empty times than we know what to do with.